Breaking News

കമ്പി തുളച്ചുകയറി കാൽനാടയാത്രക്കാരന്‌ ഗുരുതര പരിക്ക്‌ സർവീസ് റോഡരികിൽ നാട്ടിയ
ഇരുമ്പ് കമ്പികൾ ഭീഷണി


മാവുങ്കാൽ : മൂലക്കണ്ടത്തിനും മാവുങ്കാലിനും ഇടയിൽ ദേശീയപാത സർവീസ് റോഡ് നടപ്പാതയിൽ ഉയർന്നുനിൽക്കുന്ന കന്പികൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. കമ്പിയിൽ തട്ടി കാൽനടയാത്രക്കാർക്ക് മുറിവേൽക്കുന്നതും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവായി. ഓവുചാൽ നിർമാണത്തിന്റെ ഭാഗമായാണ് ഇവിടെ കമ്പികൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം നടപ്പാതയിലൂടെ നടന്നുപോകുന്നതിനിടെ കാൽതെന്നി വീണ ആൾക്ക് ശരീരത്തിൽ ഇരുമ്പ് കമ്പി തുളച്ചുകയറി ഗുരുതര പരിക്കേറ്റു.മൂലക്കണ്ടം ഉന്നതിയിലെ ഗംഗാധരനാണ് (48) സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലുള്ളത്. മാവുങ്കാൽ മുതൽ മൂലക്കണ്ടം വരെയുള്ള നടപ്പാതയിൽ ഓവുചാലിന് മുകളിൽ പാകിയ കോൺക്രീറ്റ് സ്ലാബിലാണ് കൂർത്ത കമ്പികൾ ഉയർന്നുനിൽക്കുന്നത്. ഇത് മുറിച്ചുമാറ്റാൻ കരാറുകാർ തയ്യാറാകാത്തതാണ് അപകടത്തിനിടയാക്കുന്നത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ സഞ്ജീവിയെ കണ്ട് ഭാര്യ പ്രേമയോടൊപ്പം ഓട്ടോയിൽ മൂലക്കണ്ടത്തിറങ്ങി വിട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ഗംഗാധരൻ കോൺക്രീറ്റ് സ്ലാബിൽ കാൽ തട്ടി വീണത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്കും മാറ്റി. ഗംഗാധരന്റെ വാരിയെല്ലിന് ഗുരുതര ക്ഷതമേറ്റിട്ടുണ്ട്. ഒരു ശസ്ത്രക്രിയ കഴിഞ്ഞു. ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്ന് ഡോക്ടർമാർ പറയുന്നു. ഗംഗാധരൻ
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ജോലിക്ക് പോകാറില്ല. ഭാര്യ പ്രേമ മറ്റ് വീടുകളിൽ ജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. ചികിത്സാ ചെലവിനായി വഴിയില്ലാതെ കുടുംബം ദുരിതത്തിലാണ്. ബിരുദ വിദ്യാർഥിനിയായ

ഗ്രീഷ്മയുടെയും ആറാം തരം വിദ്യാർഥി വിഘ്നഷിന്റെയും പഠനവും വഴിമുട്ടുന്ന അവസ്ഥയിലാണ്. മേഘ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

No comments