കരൂര്‍ ദുരന്തം: മരിച്ചവരില്‍ ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും; 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
ചെന്നൈ: കരൂറില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹമാണ് ഇനി തിരിച്ചറിയാനുളളത്. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിത്തുടങ്ങി. 15 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 12 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. കരൂര്‍ ദുരന്തത്തില്‍ 17 സ്ത്രീകളും അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഉള്‍പ്പെടെ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 111 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 50 പേര്‍ കരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും 61 പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കും.
തന്‍റെ ഹൃദയം തകര്‍ന്നുവെന്നാണ് വികാരഭരിതനായി വിജയ് പ്രതികരിച്ചത്. 'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. വിവരിക്കാന്‍ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാന്‍ പുളയുകയാണ്. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.' വിജയ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. താന്‍ നടത്തിയ പരിപാടിയില്‍ ഇത്ര വലിയ ദുരന്തമുണ്ടാവുകയും 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തപ്പോഴും ഒരക്ഷരം പോലും പ്രതികരിക്കാതെ പോയ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് വിജയ് പ്രതികരിച്ചത്.
No comments