Breaking News

കുമ്പള അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത് അസം സ്വദേശി 5 പേരുടെ നില ഗുരുതരം


കാസർകോട്: അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത് അസം സ്വദേശിയായ തൊഴിലാളി. നജീറുൽ അലി എന്ന 20 കാരനാണ് മരിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലുള്ള 5 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ കാസർകോട്, കുമ്പള, മംഗളൂരു ആശുപ്രതികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു. സംഭവസ്ഥലത്ത പൊലീസ് സംഘം പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള ചുമതല ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ കെമക്, എറണാകുളം വിഭാഗത്തിന് നൽകിയിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചത്. പ്ലൈവുഡ് ഫാക്ടറിയിലെ ഡെക്കോർ പാനൽ യൂണിറ്റിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. അപകട സമയത്ത് 12 പേരാണ് ഷിഫ്റ്റിൽ ഉണ്ടായിരുന്നത്. ഫാക്ടറിയിൽ 50 ഓളം മറ്റു തൊഴിലാളികളും ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകളുൾപ്പെടെ പൊട്ടിത്തെറിച്ചു. 20 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടായി. പരിക്കേറ്റവരെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ആശുപ്രതിയിൽ എത്തിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ശക്തമായ പുക ഉയരുന്നുണ്ടെന്നാണ് വിവരം. സ്ഫോടനത്തെത്തുടർന്ന് സ്ഥലത്ത് നിരവധി ആളുകൾ തടിച്ചുകൂടി. തീ അണക്കാൻ കാസർകോട്, ഉപ്പള സ്റ്റേഷനുകളിലെ അഞ്ച് യൂണിറ്റ് വാഹനം സ്ഥലത്തെത്തി. കുമ്പള, ബദിയടുക്ക, കാസർകോട് സ്റ്റേഷനുകളിലെ പൊലീസുകാരും സ്ഥലത്ത് എത്തിയിരുന്നു.

No comments