Breaking News

വാഗ്ദാനങ്ങളില്‍ മയങ്ങിപ്പോകുന്നവരല്ല കത്തോലിക്ക കോണ്‍ഗ്രസുകാര്‍: മാര്‍ ജോസഫ് പാംപ്ലാനി ; കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് പാണത്തൂരില്‍ തുടക്കം


 പാണത്തൂര്‍: വാഗ്ദാനങ്ങളില്‍ മയങ്ങിപ്പോകുന്നവരല്ല ഞങ്ങള്‍ കത്തോലിക്ക കോണ്‍ഗ്രസുകാര്‍ എന്ന് ഇവിടെയുള്ള സര്‍ക്കാരിനോടും രാഷ്ട്രീയപാര്‍ട്ടിക്കാരോടും ഓര്‍മ്മിപ്പിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പിതാവ്.  കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രി ആവശ്യമായ ഇടപെടലുകള്‍ നടത്തിയതില്‍ പിതാവ് സര്‍ക്കാരിനെ അഭിനന്ദിച്ചു.- എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടന്ന അധ്യാപക നിയമനം അംഗീകരിക്കാനുള്ള വിധി അംഗീകരിച്ചതും, വനംവന്യജീവി വിഷയത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉന്നയിച്ചത് പോലെ അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാനുള്ള ബില്ല് അവതരിപ്പിക്കാനും മുഖ്യമന്ത്രി കാണിച്ച ആര്‍ജവം സ്വാഗതാര്‍ഹമെന്ന് പിതാവ് പറഞ്ഞു. 
ആയിരക്കണക്കിന് സമുദായനേതാക്കള്‍ക്ക് ജന്മം നല്‍കിയ കത്തോലിക്ക കോണ്‍ഗ്ര്‌സ് വീണ്ടും ഒരു ഐതിഹാസിക യാത്രയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് ബിഷപ് മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍  അവകാശ സംരക്ഷണ യാത്ര ഫ്‌ലാഗോഫ് ചെയ്തുകൊണ്ട് പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷനായി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍ ആമുഖ ഭാഷണം നടത്തി. തലശ്ശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡണ്ട് ഫിലിപ്പ് വെളിയത്ത്,  കോട്ടയം അതി രൂപത വികാരി ജനറാല്‍ മോണ്‍  തോമസ് ആനിമൂട്ടില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസകുട്ടി ഒഴുകയില്‍, ഫൊറോന പ്രസിഡന്റ് ജോണി  തോലമ്പുഴ, വി വി അഗസ്റ്റിന്‍, അഡ്വ. ബിജു പറയനിലം, പ്രൊഫ കെ എം ഫ്രാന്‍സിസ്, ട്രീസ ലിസ് സെബാസ്റ്റ്യന്‍ 
അഡ്വ.ടോണി ജോസഫ് പുഞ്ചകുന്നേല്‍, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍, പീയുസ് പറേടം, ഫാ.നോബിള്‍ പന്തലാടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
 ജാഥയ്ക്ക് ചൊവ്വാഴ്ച 8.30-ന് ചിറ്റാരിക്കാലില്‍ സ്വീകരണം നല്‍കും.

No comments