മകളെ വീട്ടുതടങ്കലിലാക്കി എന്ന സിപിഎം നേതാവിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് കുടുംബം
കാസർകോട്: അന്യമതസ്ഥന പ്രണയിച്ചതിന്റെ പേരിൽ മകളെ വീട്ടുതടങ്കലിലാക്കിയെന്ന പ്രചാരണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സി പി എം നേതാവായ ഉദുമ പള്ളത്തെ പി വി ഭാസ്കരനും കുടുംബവും കാസർക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എന്താണ് യഥാർത്ഥ സംഭവമെന്ന് മാധ്യമപ്രവർത്തകർക്ക് തൻ്റെ വീട്ടിൽ വന്ന് നേരിട്ട് അന്വേഷിക്കാം. മകൾ പുറത്തുവിട്ട വീഡിയോ മാത്രം ആധാരമാക്കി ചില യൂട്യൂബർമാരും ചാനലുകളും വേദനിപ്പിക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് കുടുംബം വേദനയോടെ പറഞ്ഞു. പൊതുപ്രവർത്തകനെന്ന നിലയിൽ അനുഭവിച്ച മാനസിക പീഡനം അതീവ വേദനാജനകമാണ്.
2023-ൽ ഉണ്ടായ വാഹനാപകടത്തിൽ മകൾക്ക് നട്ടെല്ലിന് പൊട്ടലുണ്ടായി അരയ്ക്ക് താഴെ ഭാഗം പ്രവർത്തനശേഷി നഷ്‌ടപ്പെട്ട മകൾ ചികിത്സയിൽ കഴിയുകയാണ്. വിവിധ ആശുപത്രികളിൽ ചികിത്സയ്ക്ക് ശേഷവും രോഗം ഭേദമാകാത്ത സാഹചര്യത്തിൽ വീട്ടിൽ നാഡി ചികിത്സയ്ക്കായി എത്തിയ റാഷിദ് എന്നയാളാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു.
രോഗം ഭേദമാക്കാമെന്നും വിവാഹം ചെയ്യാമെന്നും വിശ്വസിപ്പിച്ച് കോടികൾ വരുന്ന ഇൻഷുറൻസ് ആനുകൂല്യങ്ങളും മകളുടെ പേരിലുള്ള സമ്പാദ്യവും തട്ടിയെടുക്കാനാണ് റാഷിദിന്റെ ശ്രമമെന്നും കുടുംബം വ്യക്തമാക്കി. ലഹരിക്കടിമയായ ഇയാൾ വിവാഹിതനാണ്. കുട്ടികളുമുണ്ട്. ഗാർഹിക പീഡനത്തിന് ഇയാൾക്കെതിരെ സ്വന്തം ഭാര്യ നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തതിൻ്റെ തെളിവും ഇവർ പുറത്തുവിട്ടു.
വിവാഹമോചിതയായ മകൾക്ക് ഒരു ആൺകുട്ടിയുണ്ട്. മകളെ തെറ്റിദ്ധാരണകളിൽ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു കുടുംബത്തിന്റെ്റെ ശ്രമമെന്നും അവർ വ്യക്തമാക്കി. ഇതരമതക്കാരനെ പ്രണയിച്ചതിനാൽ സി പി എം ഏരിയാ കമ്മിറ്റി അംഗം മകളെ വീട്ടുതടങ്കലിലാക്കി' എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. 'ഞാൻ സി പി എം ഏരിയാ കമ്മിറ്റി അംഗമല്ല, രോഗം മൂലം 43 വർഷത്തെ ലോക്കൽ കമ്മിറ്റി അംഗത്വത്തിനു ശേഷം ഇപ്പോൾ ബ്രാഞ്ച് അംഗമായാണ് പ്രവർത്തിക്കുന്നത്,' ഭാസ്‌കരൻ പറഞ്ഞു.റാഷിദ് ലഹരിക്കടിമയാണെന്നും പണമെന്ന ലക്ഷ്യത്തോടെയാണ് മകളെ പ്രലോഭിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ചില മാധ്യമങ്ങൾ കുടുംബത്തോട് പ്രതികരണം തേടാതെ വാർത്ത പ്രചരിപ്പിച്ചുവെന്നതും ഭാസ്കരൻ ചൂണ്ടിക്കാട്ടി.
റാഷിദിന്റെ കൂട്ടാളിയായ തളിപ്പറമ്പ് സ്വദേശി അർജുൻ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിഹൈക്കോടതി നിരസിച്ചതാണെന്നും കുടുംബം ഓർമ്മിപ്പിച്ചു. റാഷിദ് നാല് മാസത്തെ ചികിത്സയുടെ പേരിൽ ഏഴര ലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്നും പറഞ്ഞ സമയം കഴിഞ്ഞിട്ടും മകളിൽ ഒരു മാറ്റവും ഉണ്ടായില്ല.നിന്നെ കല്ല്യാണം കഴിച്ചാൽ ഞാൻ എഴുന്നേറ്റ് നടത്തിപ്പിക്കുമെന്ന് മകളോട് അയാൾ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് മകൾ ഇപ്പോൾ വീട്ടുകാരെ തള്ളിപ്പറയുന്നത്,' ഭാസ്കരൻ പറഞ്ഞു.
ഇയാൾക്കെതിരെ എസ് പിക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. മകളുടെ ചികിത്സയ്ക്കായി ഇതുവരെയായി തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും 55 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
27,000 രൂപയാണ് മകളെ നോക്കാൻ നിൽക്കുന്ന ഹോം നേഴ്‌സിന് മാസം കൊടുക്കുന്നതെന്നും, എവിടെയോ ഒളിച്ചുവെച്ച ഫോണിൽ നിന്നാണ് റാഷിദിന്റെ നിർദ്ദേശപ്രകാരം മകൾ വീഡിയോ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. റാഷിദ് ബ്രെയിൻ വാഷ് ചെയ്തത് കൊണ്ടാണ് വീട്ടുകാരോട് മകൾ ഇത്രയും ക്രൂരമായി പെരുമാറുന്നതെന്നും പി വി ഭാസ്കരൻ ആരോപിച്ചു.
അമ്മ കെ രോഹിണിയും സഹോദരൻ സുബിത്തും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം ബിജെപി നേതാവ് കെ ശ്രീകാന്തും ഭാസ്കരൻ അനുകൂലമായി രംഗത്തുവന്നുസംഗീതയെ ബ്രെയിൻ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇൻഷുറൻസ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുകയോ ആണ് വൈദ്യരുടെ ലക്ഷ്യമെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് കൂടിയായ കെ. ശ്രീകാന്ത് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സംഗീതയുടെ ദൗർബല്യം മുതലെടുത്ത് ചില രഹസ്യ അജൻഡ നടപ്പിലാക്കാനാണ് വൈദ്യർ പദ്ധതി തയാറാക്കുന്നത്. ഇതിന്റെ പിന്നിലുള്ള മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
No comments