Breaking News

ചിറ്റാരിക്കാൽ ഉപജില്ല കലോത്സവത്തിനൊരുങ്ങി പാലാവയൽ സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ


ചിറ്റാരിക്കാൽ : ഈ വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 3,4,5,6 തിയതികളിലായി പാലാവയൽ സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. കർഷകകുടിയേറ്റ ഗ്രാമമായ പാലാവയലിൽ 20 വർഷങ്ങൾക്ക് ശേഷം നടത്തുന്ന ഈ കൗമാര ഉത്സവത്തിനായി മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. ഈ ഉപജില്ലയിലെ എൽപി,യുപി,എച്ച്എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 51 വിദ്യാലയങ്ങളിൽ നിന്നും 3500 വിദ്യാർഥികളാണ് വിവിധ മത്സരങ്ങൾക്കായി ഇവിടെയെത്തുന്നത്. പ്രത്യേകം സജ്ജമാക്കിയ ആറു വേദികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കലോത്സവ വിജയത്തിനായി 16 സബ് കമ്മിറ്റികൾ രൂപം കൊടുക്കുകയും ഓരോ കമ്മിറ്റിയും പ്രത്യേക യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി മുന്നേറുകയും ചെയ്യുന്നു.

കലോത്സവത്തിൻ്റെ ഉദ്ഘാടനം 4-11-2025, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിക്കും. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയർമാനുമായ അഡ്വക്കേറ്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജരും രക്ഷാധികാരിയുമായ റവ. ഫാദർ ജോസ് മാണിക്കത്താഴെ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. കലോത്സവത്തിൻ്റെ സമാപന സമ്മേളനം 6-11-2025 നു വൈകുന്നേരം അഞ്ചുമണിക്ക് നടത്തുവാനും തീരുമാനിച്ചിരിക്കുന്നു. തേജസ്വിനി, ചന്ദ്രഗിരി ചൈത്രവാഹിനി, പയസ്വിനി, മധുവാഹിനി, ചിത്താരി എന്നിങ്ങനെ ആറു വേദികളാണ് കലാപ്രതിഭകൾക്കായി ഒരുക്കിയിരിക്കുന്നത്.

കലോത്സവനഗരിയിൽ ഡിജിറ്റൽ എൽ ഇ ഡി സ്ക്രീനിൽ സ്‌കൂൾ തല പോയിന്റ് നില പ്രദർശിപ്പിക്കും. കേരളവിഷന്റെ സഹകരണത്തോടെ കലോത്സവ നഗരി പൂർണമായും സൗജന്യ വൈഫൈ സൗകര്യം ഒരുക്കും. കലോത്സവ മത്സരഫലങ്ങൾ കൈറ്റ് വെബ്സൈറ്റിന് ഒപ്പം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തൽസമയംലഭിക്കും. താഴെ തന്നിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

സംഘാടകസമിതി ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ ഡോക്ടർ മെൻഡലിൻ മാത്യുവിൻ്റെയും വർക്കിംഗ് ചെയർമാനും സ്‌കൂൾ പി.ടി.എ പ്രസിഡന്റുമായ ശ്രീ.സോമി ജോർജിൻ്റെയും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ റോഷി ജോസ്, ചെയർമാൻ ശ്രീ അനീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് നടത്തിവരുന്നത്.

No comments