Breaking News

ബന്തടുക്ക കണ്ണാടിത്തോടിലും തലപ്പള്ളത്തും പുലിയിറങ്ങിയതായി സംശയം


ബന്തടുക്ക കർണാടക വനമേഖലക്ക് സമീപമുള്ള അതിർത്തി പ്രദേശങ്ങളായ മാണിമൂല തടിച്ചലുമ്പരയിലും കണ്ണാടിത്തോടിലും തലപ്പള്ളത്തും പുലിയിറങ്ങിയതായി സംശയം. ഞായർ രാവിലെ മാണിമൂല തലപ്പള്ളം സുകുമാരന്റെ വീട്ടിലേ മുറ്റത്ത് കെട്ടിയിട്ട നായയെ പുലി കടിച്ച്
പരിക്കേൽപ്പിച്ചതായും കണ്ണാടിതോടിൽ ജനവാസ മേഖലയിൽ റബർ ടാപ്പിങ് ചെയ്യുമ്പോൾ മരത്തിന്റെ മുകളിൽ പുലിയെ കണ്ടതായും പ്രദേശവാസികൾ പറയുന്നു. കർണാടക വനത്തിൽ നിന്നും സംസ്ഥാന അതിർത്തി പ്രദേശങ്ങളിലെ ജനവാസമേഖലയിലേക്ക് മുമ്പ് പുലിയിറങ്ങിയിരുന്നത് സംശയം ബലപ്പെടുത്തുന്നു. ശനി രാവിലെ തടിച്ചലുമ്പരയിൽ നാട്ടുകാർ കണ്ട കാൽപ്പാടുകളും രോമങ്ങളും പുലിയുടേതെന്ന് സംശയിച്ചിരുന്നു. മാവിന്റെ തൊലി മാന്തിപ്പൊളിച്ചതിൽ ചില നഖപ്പാടും കണ്ടെത്തി. ബന്തടുക്ക സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബി വിനീത്, എം ആതിര, വാച്ചർ രഞ്ജിഷ് കുറ്റിക്കോൽ എന്നിവർ പരിശോധന നടത്തി. തടിച്ചലുമ്പരയിൽ കണ്ട കാൽപ്പാടുകൾ പുലിയുടേതെന്ന് കരുതുന്നുവെന്നും എന്നാൽ സ്ഥിരീകരിക്കാൻ മാത്രമുള്ള അടയാളങ്ങൾ ഇല്ലായെന്നും വനം വകുപ്പ് ബന്തടുക്ക സെക്ഷൻ ഓഫീസർ ഡി ശേഷപ്പ് പറഞ്ഞു. തടിച്ചലുമ്പരയിലെ സുരേഷ് വീട്ടുകാരോടൊപ്പം രാവിലെ പുല്ലരിയാൻ പോകുമ്പോൾ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് ചെളിയിൽ കാൽപ്പാടുകൾ കണ്ടത്. സമീപത്തെ മാവിൻ ചുവടുവരെ ഇത് കാണാം. കാൽപ്പാടുകൾ അവസാനിക്കുന്നയിടത്തുള്ള മാവിന്റെ തോല് അല്പം മുകൾവരെ നഖം കൊണ്ട് മാന്തിപ്പൊളിച്ച രീതിയിലാണ്. കറുപ്പും ഓറഞ്ച് നിറത്തിലുള്ള രോമങ്ങളും മരത്തിന് ചുവട്ടിൽ നിന്നും ലഭിച്ചു. വിറക് ശേഖരിക്കുന്നവർ, പുല്ല് അരിയാൻ പോകുന്നവർ, ടാപ്പിങ് തൊഴിലാളികൾ
ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് വനപാലകരോടൊപ്പം പരിശോധനക്ക് നേതൃത്വം നൽകിയ പഞ്ചായത്തംഗം കെ ആർ വേണു നിർദേശിച്ചു.

No comments