Breaking News

യാത്രദുരിതത്തിൽ പൊറുതിമുട്ടി പനത്തടി, കള്ളാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുളപം, മാട്ടക്കുന്ന്, താന്നിക്കാൽ പ്രദേശവാസികൾ

രാജപുരം : ആകെയുള്ളത് ജീപ്പ് സർവീസ്. അതിലാണെങ്കിൽ ഏതുസമയും തിരക്ക്. കയറാനാകാതിരിക്കുന്പോൾ പിറകിലും സൈഡിലും തൂങ്ങിനിന്നുള്ള യാത്ര. പനത്തടി, കള്ളാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുളപം, മാട്ടക്കുന്ന്, താന്നിക്കാൽ പ്രദേശവാസികളാണ് യാത്രാസൗകര്യമില്ലാതെ പൊറുതിമുട്ടുന്നത്. ജീവൻ പണയംവെച്ചുള്ള ജീപ്പ് യാത്രയും അപകടം വിളിച്ചുവരുത്തുന്നു. കോളിച്ചാൽ ടൗണിൽനിന്നും സർവിസ് നടത്തുന്ന ജീപ്പുകൾ നിറയെ യാത്രക്കാരുമായി പോകുന്ന ഭയപ്പാടോടെയാണ് കണ്ടുനിൽക്കാനാവുക. ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ ജീപ്പിന്റെ പിറകിലും സൈഡിലുമായി തൂങ്ങിയുള്ള യാത്രയാണ് കാഴ്ചക്കാരെ പേടിപ്പെടുത്തുന്നത്. കുട്ടികൾ മുതൽ ഏറെപ്രായമായവരും വരെ ഇക്കൂട്ടത്തിൽപ്പെടും. കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ് പ്രദേശത്തേക്കുള്ള റോഡിൽ. നിറയെ യാത്രക്കാരുമായി പോകുമ്പോൾ അപകടസാധ്യത വിളിച്ചുവരുത്തുകയാണ്. മറ്റു യാത്രാസൗകര്യമില്ലാത്തതിനാൽ ജനങ്ങളെല്ലാം ആശ്രയിക്കുന്നത് ജീപ്പ് സർവീസിനെ. എത്രയും പെട്ടെന്ന് ജോലിക്കും തിരിച്ച് വീട്ടിലേക്കുമെത്തണമെന്ന ചിന്തയിൽ ജീപ്പിനുപിറകിൽ തൂങ്ങി യാത്രചെയ്യാനും ഇവർ തയ്യാർ.

No comments