Breaking News

മിനി ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ ചന്തേര പോലീസ് പിടികൂടി


കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് തൃക്കരിപ്പൂർ, ഒളവറയിൽ വൻ പുകയില ഉൽപ്പന്നവേട്ട. ഒരു ലോഡ് പുകയില ഉൽപ്പന്നങ്ങളുമായി കാസർകോട്, ഉളിയത്തടുക്ക, നാഷണൽ നഗർ, ബിസ്മില്ലാ മഹലിൽ എ വി ഷമീർ (40), എ എം യൂസഫ് (68) എന്നിവരെ ചന്തേര പൊലീസ് ഇൻസ്പെക്ടർ കെ പ്രശാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. എ എസ് ഐ ലക്ഷ്മണൻ, സീനിയർ പൊലീസ് ഓഫീസർ ശ്രീജിത്ത് കയ്യൂർ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പയ്യന്നൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി മുണ്ട്യക്കാവ് ക്ഷേത കമാനത്തിനു സമീപത്ത് എത്തിയത്. സംശയം തോന്നി പൊലീസ് ലോറി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുന്നതാണെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്. കാസർകോട്ട് നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ കയറ്റിയതെന്നും കോഴിക്കോട്ട് എത്തുമ്പോൾ ആവശ്യക്കാർ വിളിക്കുമെന്നുമാണ് പിടിയിലായവർ പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.

ഏതാനും ആഴ്ചകൾക്കു മുമ്പ് സമാന രീതിയിൽ കാലിക്കടവിൽ വച്ച് ചന്തേര പൊലീസ് പുകയില ഉൾപ്പനങ്ങൾ പിടികൂടിയിരുന്നു. അന്നു പിടിയിലായവരും ലോറിയുമാണ് തൃക്കരിപ്പൂരിൽ വെള്ളിയാഴ്ച വീണ്ടും കുടുങ്ങിയതെന്നു കൂട്ടിച്ചേർത്തു.

No comments