Breaking News

നാടൻ വൈബുമായി ബ്ലൂ–ഗ്രീൻ ഇടനാഴി കൊടക്കവയലിലേക്ക്‌ വരൂ ‘വയൽക്കാറ്റ്‌’ കൊതിപ്പിച്ച്‌ വീശും


ചെറുവത്തൂർ : പച്ചോല വിരിച്ച് തലയെടുപ്പോടെ തണൽ വിരിച്ച് നിൽക്കുന്ന തെങ്ങിൻ തോട്ടങ്ങൾ, ഉഴുതുമറിച്ചിട്ട പാടത്തിൽ കലപില കൂട്ടി പരൽജീവികളെ തേടുന്ന പക്ഷിക്കൂട്ടങ്ങൾ, പ്രകൃതിയുടെ നനുനനുപ്പും പുലർകാലത്ത് മഞ്ഞിൻ കണങ്ങളേറ്റ് നിൽക്കുന്ന നെല്ലും... ഇവയെല്ലാം കണ്ട് വ്യയാമം ചെയ്യാം. കാർഷക കൂട്ടായ്മയും കാഴ്ചയും ഒരുമിച്ച് ചേരുന്ന ഇടമായ തിമിരി കൊടക്കവയലിൽ സഞ്ചാരികൾക്ക് പുതിയ അനുഭവമാകാൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 'വയൽക്കാറ്റ് ബ്ലൂ ഗ്രീൻ കൊടക്കവയൽ ഇടനാഴി ഒന്നിന് തുറക്കും. തിമിരി കൊടക്കവയൽ സംരക്ഷണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെറുവത്തൂർ പഞ്ചായത്തിലെ കൽനട റോഡിലാണ് ഗ്രാമീണ വഴിയോര വിനോദ സഞ്ചാര പദ്ധതി ഒരുങ്ങിയത്. വയലിന്റെ നടുവിലൂടെ ഒഴുകുന്ന തോടിന്റെ ഇരുകരകളിലായി 60 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയും സഞ്ചാരികൾക്കായി ഇന്റർലോക്ക് വഴികളും ഇരിപ്പിടങ്ങളും ഒരുങ്ങി. വെകുന്നേരങ്ങളിൽതെളിയിക്കുന്നതിനായി സോളാർ വിളക്കുകളും സജ്ജമാക്കും. 50 ലക്ഷം രൂപ
ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെയാണ് യാഥാർഥ്യമാകുന്നത്. കോട്ടയത്തെ നാലുമണിക്കാറ്റ് മാതൃകയിലാണ് കേന്ദ്രം. പാടവും പരിസ്ഥിതിയും സംരക്ഷിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏക്കറുകളോളം പടർന്നുകിടക്കുന്ന പാടത്തിന്റെയും കൊടക്കവയൽ കൽനട നെല്ലറയുടെ സൗന്ദര്യവും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് പഠിക്കാനും ആസ്വദിക്കാനും ഉതകും. സ്വപ്ന വിനോദ സഞ്ചാര
പദ്ധതി അവസാനഘട്ട പ്രവൃത്തിയിലാണ്. നവംബർ ഒന്നിന് വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി കേന്ദ്രം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷനായി. എം സുമേഷ്, കെ അനിൽകുമാർ, എം കുഞ്ഞിരാമൻ, ഇ
സുകുമാരൻ, ബാലചന്ദ്രൻ, പവിത്രൻ കൊടക്കൽ, യശോദ, വസന്ത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മാധവൻ മണിയറ (ചെയർമാൻ), എം പി വി ജാനകി (കൺവീനർ).

No comments