Breaking News

വരുന്നു അതിതീവ്ര മഴ; ഇന്ന് അവധി നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, മൂന്നു ജില്ലകളിൽ റെഡ് അലര്‍ട്ട് ജാഗ്രതാ നിര്‍ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെ‍ഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. ഇടുക്കിയിൽ രാത്രിയാത്ര നിരോധനമുണ്ട്. ഖനനം അടക്കം നിർത്തിവെയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. സാഹസിക വിനോദങ്ങൾക്കും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. 

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡെൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല.

No comments