ബന്തടുക്ക മാണിമുലയിൽ അടച്ചുവച്ച അറകൾ തുറന്ന് പുരാവസ്തു വകുപ്പ് അധികൃതർ
ബന്തടുക്ക: ബന്തടുക്ക മാണിമൂലയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനം 3 ദിവസം പിന്നിട്ടു. ബുധനാഴ്ച്‌ച നടത്തിയ പരിശോധനയിൽ മണ്ണിനടിയിൽ ഗുഹാ രൂപത്തിലുള്ള രഹസ്യ അറകൾ കണ്ടെത്തിയിരുന്നു. അടച്ചുവച്ച രീതിയിലുള്ള അറകൾ ഇന്നലെ തുറന്നു.
കൊത്തുപണികളാൽ അലങ്കരിച്ച കവാടം ഒറ്റ ചെങ്കൽപാളി വച്ച് അടച്ച നിലയിലായിരുന്നു. ചെറിയ കരിങ്കൽ കഷണങ്ങൾ പാകി അതിനു മുകളിലാണ് ഈ പാളി സ്ഥാപിച്ചത്. ലഭ്യമായ പുരാരേഖകൾ പരിശോധിച്ച് ചരിത്ര പശ്ചാത്തലം നിലനിർത്താനും മണ്ണു മൂടിക്കിടക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്താനുമാണ് ശ്രമം.
കോഴിക്കോട് പഴശ്ശിരാജ പുരാ വസ്തു മ്യൂസിയം ഇൻ ചാർജ് ഓഫിസർ കെ. കൃഷ്ണ്‌ണരാജിൻ്റെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്. ശുദ്ധജലം എത്തിക്കുന്നതിനു പൈപ്പ് സ്‌ഥാപിക്കുന്നതിനായി ഏപ്രിൽ 4നു റോഡരികിൽ കുഴിച്ചപ്പോഴാണ് മൺപാത്രങ്ങൾ ഉൾപ്പെടെയുള്ള പുരാതന വസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്. അറയ്ക്കുള്ളിൽനിന്ന് ഇനിയും പുരാവസ്തുക്കൾ കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
No comments