Breaking News

മാനന്തവാടിക്കടുത്ത ചെറ്റപ്പാലത്ത് മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണവേട്ട



മാനന്തവാടി: സംസ്ഥാനത്ത് തന്നെ വലിയ കുഴല്‍പ്പണവേട്ടയിലൊന്നാണ് വയനാട് മാനന്തവാടിക്കടുത്ത ചെറ്റപ്പാലത്ത് നടന്നത്. മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണമായിരുന്നു കേരളത്തിലേക്ക് എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതാണ് പൊലീസിന്റെ ജാഗ്രതയില്‍ പൊളിഞ്ഞത്. ബെംഗളുരുവിലെ കെ ആര്‍ നഗറില്‍ നിന്ന് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയാണ് രണ്ടുപേര്‍ സ്‌കൂട്ടറില്‍ പണം എത്തിച്ചത്. ഇവിടെ വെച്ച് ആസിഫും മുഹമ്മദ് ഫാസില്‍, റസാഖ് എന്നിവര്‍ കാറില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ പണം അടുക്കിവെക്കുകയും ശേഷം മൂന്ന് യുവാക്കളും ബാംഗ്ലൂരില്‍ നിന്ന് വടകരയിലേക്ക് പുറപ്പെടുകയുമായിരുന്നു. ബെംഗളുരു സ്വദേശിയാണ് മലയാളികള്‍ക്ക് പണം കൈമാറിയത്.

കണ്ടെത്തിയത് പണം അടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍

പണം കൊണ്ടുവരുന്നതിനായി ആസിഫിനെയും റസാഖിനെയും മുഹമ്മദ് ഫാസിലിനെയും സല്‍മാന്‍ പറഞ്ഞയക്കുകയായിരുന്നു. പണവുമായി മൂന്ന് പേരും മാനന്തവാടിയില്‍ പിടിയിലായ വിവരമറിഞ്ഞ് സുഹൃത്ത് മുഹമ്മദുമായി മാനന്തവാടിയിൽ എത്തിയപ്പോഴാണ് സല്‍മാന്‍ വലയിലാകുന്നത്. ഹവാല ഇടപാടുകാരായ സല്‍മാനും മുഹമ്മദും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചിലരുടെ നിര്‍ദ്ദേശപ്രകാരം ബെംഗളുരുവിലെത്തി ഇന്ത്യന്‍ കറന്‍സികള്‍ കൈപ്പറ്റി വടകരയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നും കമ്മീഷന്‍ സ്വീകരിക്കാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനന്തവാടി ബ്രാഞ്ചിലേക്ക് പണം അടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കസ്റ്റംസിന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി കൊണ്ടുപോയി കൗണ്ടിംഗ് മെഷീന്റെ സഹായത്തോടെ പണം എണ്ണി തിട്ടപ്പെടുത്തിക്കുകയായിരുന്നു.



No comments