കാസര്‍കോട് ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ കണ്ടക്ടറുടെ അതിക്രമം, മോശമായി സ്പര്‍ശിച്ചു; അസഭ്യം വിളിച്ചെന്നും പരാതി
കാസര്‍കോട്: കാസര്‍കോട് ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം. കര്‍ണാടക ആര്‍ടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ് പരാതി. ബസിൽ യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയെ മോശമായി സ്പര്‍ശിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അസഭ്യം വിളിച്ചെന്നും വിദ്യാര്‍ത്ഥിനി പരാതിയിൽ പറയുന്നു. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.
പഠനത്തിനായി രാവിലെയും വൈകുന്നേരവും ബസിലാണ് മംഗളൂരുവിലേക്ക് പോകുന്നതെന്നും ബസിൽ യാത്ര ചെയ്യുന്നതിന് പാസുണ്ടെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. മുമ്പ് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തിരുന്നു. ഇന്നും മോശമായി പെരുമാറാൻ ശ്രമിച്ചു. രാവിലെ എട്ടേമുക്കാലിന് ബസിൽ കയറിയപ്പോഴായിരുന്നു സംഭവം. പ്രതികരിച്ചപ്പോള്‍ കണ്ടക്ടറും ഡ്രൈവറുമൊക്കെ ചേര്‍ന്ന് ചീത്ത വിളിക്കുകയായിരുന്നു. പരാതി നൽകുമെന്ന് പറഞ്ഞപ്പോള്‍ എന്തു വേണമെങ്കിലും ചെയ്തോളാൻ പറഞ്ഞ് നടുറോഡിൽ ഇറക്കിവിടുകയായിരുന്നുവെന്നും പരീക്ഷയടക്കം എഴുതാനായില്ലെന്നും കോളേജ് വിദ്യാര്‍ത്ഥിനി പറഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസിൽ പെണ്‍കുട്ടി പരാതി നൽകി. ബസിലെ യാത്രക്കാരാരും സംഭവത്തിൽ ഇടപെട്ടില്ലെന്നുമാണ് പറയുന്നത്.
No comments