വരുന്നവരെയെല്ലാം തിക്കി തിരക്കി കയറ്റിയിട്ട് എന്തുകാര്യം? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: ശബരിമലയിൽ ഇന്നലെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽ ദേവസ്വം ബോര്‍ഡിനെ വിമർശിച്ച് ഹൈക്കോടതി. ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചത്. മണ്ഡലം മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് കോടതി അക്കമിട്ട് ചോദിച്ചു. ആറ് മാസങ്ങൾക്ക് മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു. പറഞ്ഞ് പോലെ എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്ന് ബോർഡിനോട് കോടതിയുടെ ചോദ്യം. നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം. ഇവിടെ പരമാവധി എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്നതിന് കണക്കുകളുണ്ടോയെന്നും കോടതി ആരാഞ്ഞു. സെക്ടറുകളുടെ വിസ്തീർണ്ണം അനുസരിച്ച് വേണം ഭക്തരുടെ എണ്ണം നിശ്ചയിക്കാൻ. അല്ലാതെ വരുന്നവരെ എല്ലാം തിക്കിലും തിരക്കിലേക്കും കയറ്റി വിടുന്നത് തെറ്റായ സമീപനമെന്നും കോടതി പറഞ്ഞു.
അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.കുട്ടികളും പ്രായമായവരും മണിക്കൂറുകളാണ് നീണ്ട ക്യൂവിൽ കാത്ത് നിൽക്കുന്നത്. ഉത്സവം നടത്തുന്നത് പോലെ അല്ല മണ്ഡലം മകരവിളക്ക് സീസണിന് വേണ്ടി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം. പൊലീസിനെ ഉപയോഗിച്ച് പരമാവധി തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി. എന്നാൽ, തിരക്ക് നിയന്ത്രിക്കൽ പൊലീസിന്‍റെ മാത്രം പണിയല്ലെന്നും ശാസ്ത്രീയമായി ഇത് കൈകാര്യം ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സംഘത്തെ നിയോഗിച്ച് ഓരോ സെക്ടറിലും ഇവർക്ക് ചുമതല നൽകുന്നത് ആലോചിക്കണമെന്ന് കോടതി പറഞ്ഞു. മാത്രമല്ല ശുചിമുറി സൗകര്യം ഉറപ്പാക്കുന്നതിലും ഉള്ളത് വൃത്തിഹീനമായി കിടക്കുന്നുവെന്ന വിവരങ്ങളിലും കടുത്ത അതൃപ്തി കോടതി അറിയിച്ചു. ഒരുക്കങ്ങൾ സംബന്ധിച്ച് ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ എടുത്ത ഹർജിയാണ് ജസ്റ്റിസുമാരായ എ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
No comments