തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളില്‍ അവധി അനുവദിക്കും
തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സമ്മതിദായകര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഡിസംബര്‍ 09, 11 തീയതികളില്‍ ബന്ധപ്പെട്ട ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണം. അതോടൊപ്പം സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷന്‍ മറ്റ് ഇതര വിഭാഗം ജീവനക്കാര്‍ക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കില്‍ അവര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നല്‍കുന്നതിന് തൊഴില്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനോ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസങ്ങളില്‍ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 09 നും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഡിസംബര്‍ 11 നുമാണ് അവധി. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം.
No comments