Breaking News

ശബരിമല സ്വര്‍ണക്കൊളള: മോഷ്ടാവായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍


പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊളളയില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിനെ അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019-ല്‍ തിരുവാഭരണ കമ്മീഷണറായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ബൈജുവിനെതിരെ നേരത്തെ ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു.ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെ എസ് ബൈജുവിന്റെ അസാന്നിധ്യം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന നിഗമനത്തിലേക്ക് എസ്‌ഐടി എത്തിയത്.

പാളികള്‍ കൈമാറുന്ന സമയത്ത് അതിന്റെ തൂക്കവും അളവും രേഖപ്പെടുത്തേണ്ടയാളാണ് തിരുവാഭരണ കമ്മീഷണര്‍. അദ്ദേഹം ഈ സമയത്ത് അവിടെ ഉണ്ടാകേണ്ടതായിരുന്നു. ഇതോടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ മുരാരി ബാബുവും ഡി സുധീഷ് കുമാറും കേസില്‍ അറസ്റ്റിലായിരുന്നു. 2019 ജൂലൈയിലാണ് സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയത്. ഈ സമയത്ത് മഹസറില്‍ കെ എസ് ബൈജു ഒപ്പിട്ടിരുന്നില്ല.


ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാനും എസ്ഐടിയ്ക്ക് പദ്ധതിയുണ്ട്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നത്. വാസുവിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് നീക്കം. കേസിലെ പ്രതികളുടെ മൊഴിയും വാസുവിന് എതിരാണ്. തെളിവുകള്‍ നിരത്തി വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടി തീരുമാനം. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.


No comments