Breaking News

ജിയോളജി വകുപ്പ് പിഴയിട്ട തങ്കമണിയുടെ കുടുംബത്തിന് സഹായവുമായി കോൺഗ്രസ്


വെള്ളരിക്കുണ്ട് : വീട് നിർമ്മിക്കാനായി മണൽ നീക്കിയ ബളാലിലെ നിർധനകുടുംബമായ തങ്കമണിക്ക് മെനിങ് ആൻഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവത്തിൽ സഹായഹസ്തവുമായി കോൺഗ്രസ്. നിർധന കുടുംബത്തിന് വീട് പണിയാൻ മണൽ നീക്കിയതിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പിഴയിട്ട സംഭവം വലിയ നീതികേടെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം പറഞ്ഞു. പിഴ പൂർണമായും ഒഴിവാക്കി കൊടുക്കണമെന്നും ഇല്ലെങ്കിൽ തങ്കമണിക്ക് വേണ്ടി കോൺഗ്രസ് പാർ ട്ടി 50,000 രൂപ പിഴയടക്കുമെന്നും രാജു കട്ടക്കയം പറഞ്ഞു. പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിന് പകരം ക്രൂരതയോടെയാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്ന തെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.

ബളാൽ സ്വദേശികളായ ഗോവിന്ദൻ തങ്കമണി ദമ്പതികളോടാണ് 50,000 രൂപ പിഴയടക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നിർദ്ദേശിച്ചത്. പിഎംഎവൈ പദ്ധതി പ്രകാരം ലഭിച്ച വീട് നിർമ്മാണത്തിന് സ്ഥലം ഒരുക്കാനാണ് ഇവർ മണ്ണ് മാറ്റിയത്. അനധികൃത ഖനനം നടത്തിയെന്ന് കാണിച്ച് ആദ്യം ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ പിഴ ഒടുക്കാനായിരുന്നു. തുടർന്ന് നിർധന കുടുംബമാണെന്ന് അറിയിച്ചതോടെ പിഴ 50,000 രൂപയായി കുറയ്ക്കുകയായിരുന്നു. പിഴ അടയ്ക്കാൻ നിവർത്തിയില്ലെന്നും  ജയിലിൽ കിടക്കാമെന്നും ആയിരുന്നു നടപടിൽ തങ്കമണി പറയുന്നത്.

No comments