കാറഡുക്കയിൽ ജോലിക്കിടെ വൈദ്യുതി തൂൺ പൊട്ടി വീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു
കാസർകോട് : ജോലിക്കിടെ വൈദ്യുതി തൂൺ പൊട്ടി വീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. മുള്ളേരിയ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരനായ കുണ്ടാർ ഹുൻസടുക്ക സ്വദേശി എച്ച് യതീഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാറഡുക്ക മൂടാംകുളത്താണ് അപകടം. തൂണ് സ്ഥാപിച്ച ശേഷം മറുഭാഗത്തെ തൂണിൽ നിന്ന് കമ്പി വലിച്ച് ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടം. ഈ സമയത്ത് യതീഷ തൂണിന് മുകളിലായിരുന്നു. തൂൺ പൊട്ടിവീണ് പരിക്കേറ്റ യതീഷയെ ചെർക്കളയിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം മുള്ളേരിയ ടൗണിൽ പൊതുദർശനത്തിന് വെച്ചു. രാത്രി കുണ്ടാറിലെ വീട്ടിൽ എത്തിച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ സഞ്ജീവ റാവുവിന്റെയും കെ. ലളിതയുടെയും മകനാണ്. ഭാര്യ: നവനീത. നാല് മാസം പ്രായമുള്ള മകളുണ്ട്. സഹോദരങ്ങൾ: കെ. ഭവാനി, ശങ്കര, ശിവപ്രസാദ്, യശ്വന്ത
No comments