Breaking News

നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല; മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി;പിന്നാലെ മരണം



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി. സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലാണ് രോഗി ദുരനുഭവം പറഞ്ഞത്. ഇതിന് പിന്നാലെ ഇദ്ദേഹം മരിക്കുകയും ചെയ്തു. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താന്‍ നേരിട്ട ദുരനുഭവം സുഹൃത്തിന് ശബ്ദ സന്ദേശമായി അയച്ചുനല്‍കിയത്. ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.

നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ഉന്നയിച്ചത്.

No comments