Breaking News

നാടാകെ ഇലക്ഷൻ ചൂടിൽ, ഇവിടെ നാട്ടറിവിൻ്റെ അടിവേര് തേടി ഗോത്രബന്ധുക്കൾ

തായന്നൂർ : ആദ്യമായി തുടിയുണ്ടാക്കിയതാരാണ്? കുറ്റിയടുക്കം ഊരിലെ ഏറ്റവും പ്രായം കൂടിയ കല്ലളൻ മൂപ്പൻ തൻ്റെ മുന്നിലെ ആദിവാസി ചെറുപ്പക്കാരോട് ചോദിച്ചപ്പോൾ കൂട്ടം നിശബ്ദമായി. പിന്നെ മൂപ്പൻ പഴയ കാലത്തെ ഓർമകളിലേക്ക് ഊർന്നിറങ്ങി.

തായന്നൂർ പ്രദേശത്ത് സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് നടപ്പാക്കി വരുന്ന നബാർഡ് സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഗോത്രബന്ധു  കലാസമിതിയിലെ മുപ്പതോളം കലാകാരന്മാരും കലാകാരികളുമാണ് മംഗലംകളി, എരിതുകളി, നാട്ടിപ്പാട്ടുകൾ എന്നിവയെ കുറിച്ചറിയാൻ ഊരുകളിലെ പ്രായംകൂടിയ അച്ഛനമ്മമാരെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കുന്നത്.

കൂലിവേലയ്ക്കും തൊഴിലുറപ്പിനും പോകുന്നവരാണ് ടീമിലേറെയും. പണി കഴിഞ്ഞ് സന്ധ്യയോടെയാണ് അറിവുതേടിയുള്ള യാത്ര.

തനതായ ശൈലിയിൽ മംഗലംകളി, എരിതുകളി, പണിയ നൃത്തം, നാടൻപാട്ടുകൾ എന്നിവ പ്രൊഫഷണലായി അവതരിപ്പിക്കുന്ന ടീമായി മാറിയ ഗോത്രബന്ധു കലാസമിതി ,നാടൻ കലകളെ കുറിച്ച് ആധികാരിയായി പഠിക്കുന്നതിൻ്റെ ഭാഗമായാണ് ഊരു മൂപ്പൻമാരെ സന്ദർശിക്കുന്നത്.

 ആദ്യമായി തുടിയുണ്ടാക്കിയ കണ്ണമ്മൻ ചെറുക്കനും, കൂക്കിരി ചെക്കനും മുതൽ ഏഴു ഗുരുകളും, ശാരീരിക അവശതയാൽ പണിയെടുക്കാനാവാതെ വന്നപ്പോൾ ജൻമിയുടെ നിർദ്ദേശപ്രകാരം ഉഴുതുമറിച്ചിട്ട വയലിൽ കുണ്ഡം നാട്ടി അതിൽ കെട്ടിയിട്ട് ശരീരത്തിൽ കടിക്കുന്ന ചുവന്നഉറുമ്പി ( ഉറുക്കി ) ൻ്റെ കൂട് പൊട്ടിച്ചിട്ട്  ആൾക്കാര് കൂടി മർദ്ദിച്ച് കൊന്ന് അതേ കണ്ടത്തിൽ ചവിട്ടി താഴ്ത്തിയ കഥകൾ വരെ പറഞ്ഞെത്തി കല്ലളൻമൂപ്പനും, മൂപ്പൻ്റെ സഹോദരി ഉണ്ടച്ചിയമ്മയും..

   കേവലം സ്റ്റേജ് പ്രോഗ്രാമായി നാടൻ കലകൾ മാറുമ്പോൾ പഴമയുടെ സാംസ്കാരിക തനിമ ചോരാതെ വരും തലമുറയിലേക്ക് കൈമാറാനുള്ള പരിശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം സന്ദർശനളിലൂടെ ഗോത്രബന്ധു ലക്ഷ്യമിടുന്നത്.





No comments