വാട്സ്ആപ്പിൽ ബന്ധപ്പെട്ടു, പണം ഗൂഗിള്‍ പേ വഴി വാങ്ങി, പുതിയ തട്ടിപ്പ്, എല്ലാം ഓൺലൈൻ ലോണിന്റെ പേരിൽ, പ്രതി പിടിയിൽ
കല്‍പ്പറ്റ: ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി തരിപ്പൊയില്‍ വീട് മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കക്കൂര്‍ പോലീസ് സ്റ്റേഷനില്‍ മറ്റൊരു സൈബര്‍ കേസില്‍പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വയനാട് സൈബര്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ ഡിസംബര്‍ നാല് വരെ റിമാന്‍ഡ് ചെയ്തു. അതിരപ്പള്ളി, കാസര്‍ഗോഡ്, തിരുവനന്തപുരം സൈബര്‍, കക്കൂര്‍, കമ്പളക്കാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ജസീം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്.
വാളേരി അഞ്ചാം പീടിക സ്വദേശിയെ വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ലോണ്‍ ലഭിക്കുന്നതിന് മുന്‍കൂറായി രണ്ട് ഇഎംഐ തുകയായ 18666/ രൂപ ആവശ്യപ്പെടുകയും കഴിഞ്ഞ മെയ് മാസം 22-ാം തീയ്യതി ഗൂഗിള്‍ പേ വഴി പണം വാങ്ങിച്ചെടുക്കുകയുമായിരുന്നു. ലോണ്‍ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനാല്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. സൈബര്‍ ക്രൈം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
No comments