Breaking News

പരിക്കേറ്റെത്തിയ യുവാവിനെ അത്യാഹിത 
വിഭാഗത്തിൽ കയറി വീണ്ടും ആക്രമിച്ചു വനിതാ ഡോക്ടർക്ക് പരിക്ക് ;പ്രതിഷേധം

കാസർകോട് : അക്രമത്തിൽ പരിക്കേറ്റെത്തിയ യുവാവിനെ പരിശോധിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചുകയറി വീണ്ടും അക്രമം. സംഭവത്തിൽ വനിതാ ഡോക്ടർക്കും പരിക്കേറ്റു. സഹോദരങ്ങൾ തമ്മിലുണ്ടായ സ്വത്തുതർക്കത്തിനിടെ മൂത്ത സഹോദരൻ സി എ മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് ഷാനിദ്, മുഹമ്മദ് കുഞ്ഞിയുടെ അനുജൻ നായൻമാർമൂല മിനി എസ്റ്റേറ്റിലെ സി എ ഷിഹാബിനെ ആക്രമിച്ചു. പരിക്കേറ്റ ഷിഹാബ് കാസർകോട് ജനറൽ ആശുപ്രതിയിലെത്തിയപ്പോഴാണ് വീണ്ടും അക്രമമുണ്ടായത്. വ്യാഴം പകൽ രണ്ടോടെയാണ് സംഭവം. രാവിലെ തൊഴിലാളികളുമായി കാറിൽ വിദ്യാനഗർ ചുടുവളപ്പിലെ തറവാട്ട് വീട്ടിലെ തോട്ടത്തിൽ പോയപ്പോൾ മുഹമ്മദ്കുഞ്ഞി തറവാട് വീടിന്റെ ഗേറ്റ് പൂട്ടി അയൽക്കാരനായ ഷാനിദിനെ വിളിച്ചുവരുത്തി കാർ തകർക്കുകയും മർദിക്കുകയും ചെയ്തുവെന്ന് ഷിഹാബ് പറയുന്നു. പരിക്കേറ്റ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ വനിതാ ഡോക്ടർ പരിശോധിച്ചുകൊണ്ടിരിക്കെ പിന്നിൽനിന്നെത്തി ഷാനിദ് ചവിട്ടുകയായിരുന്നുവെന്ന് ഷിഹാബ് പറഞ്ഞു. ഇതിനിടെ ക്യാഷ്യാലിറ്റി മെഡിക്കൽ ഓഫിസറായ ഡോ. എം എസ് സ്നേഹയുടെ ശരീരത്തിലേക്ക് വീണു. കസേര തെറിച്ചുവീണ് അവർക്ക് കാലിന് പരിക്കേറ്റു. സംഭവത്തിൽ ഷാനിദിനെതിരെ ടൗൺ പൊലീസ് കേസെടുത്തു. ആശുപ്രതികളിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ അക്രമം പതിവാണെന്നും ഇതിന് പരിഹാരമുണ്ടാകണമെന്നും ആശുപ്രതി സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു. ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർ പ്രതിഷേധിച്ചു.

No comments