തൃക്കരിപ്പൂർ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നാല് പ്രവൃത്തികൾക്കായി 6.07 കോടി രൂപയുടെ ഭരണാനുമതി.. ചീമേനി കുന്നുംകൈ റോഡിൽ റീടെയിനിങ് വാൾ നിർമിക്കുന്നതിന് 27 ലക്ഷം
ചെറുവത്തൂർ : തൃക്കരിപ്പൂർ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നാല് പ്രവൃത്തികൾക്കായി 6.07 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. മാവിലാകടപ്പുറം വലിയപറമ്പ് പാലം റോഡിന്റെ ആദ്യഭാഗം ആധുനിക രീതിയിൽ മെക്കാഡം ടാറിങ് നടത്തുന്നതിന് അഞ്ച് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ലഭിച്ചത്. നേരത്തെ ഈ പ്രവൃത്തിയുടെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും പദ്ധതി സാങ്കേതിക കുരുക്കിൽപെട്ടിരുന്നു. ഇതിനെ തുടർന്ന് എംഎൽഎ, പൊതുമരാമത്ത്, ധനകാര്യ മന്ത്രിമാർ എന്നിവരുമായി ചർച്ചചെയ്ത് പരിഹാരം കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതിക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ചത്. 3.800 കിലോമീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിലുള്ള മെക്കാഡം ടാറിങ്ങാണ് ഒരുക്കുക. സുരക്ഷാ ബോർഡുകൾ, സെന്റർ ലൈൻ, സുരക്ഷ ഉപകരണങ്ങൾ എന്നിവ ഒരുക്കും. കൂടാതെ ചീമേനി കുന്നുംകൈ റോഡിൽ റീടെയിനിങ് വാൾ നിർമിക്കുന്നതിന് 27 ലക്ഷം, ഞണ്ടാടി മുക്ക് പൊതാവൂർ പൂരക്കടവ് തളിയമ്മാട റോഡിൽ റീടെയിനിങ് വാൾ നിർമിക്കുന്നതിന് 30 ലക്ഷം, കയ്യൂർ ചീമേനി പഞ്ചായത്തിനെയും വെസ്റ്റ് എളേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരുമ്പട്ട പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗത്തെ കരയിടിച്ചിൽ തടിയുന്നതിന് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുന്നതിന് 50 ലക്ഷം രൂപയുടെ അനുമതി എന്നിവയാണ് അനുവദിച്ചത്. പെരുമ്പട്ട പാലത്തിന്റെ പ്രവൃത്തിയുടെ ഭാഗമായി പുഴയുടെ മധ്യഭാഗത്ത് അടിഞ്ഞുകൂടിയ മണ്ണ് മാറ്റി ഒഴുക്ക് പാലത്തിന്റെ മധ്യഭാഗത്തുകൂടി ക്രമീകരിക്കുന്ന പ്രവൃത്തിയും നടപ്പിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.
No comments