Breaking News

പ്രാഥമിക സന്നദ്ധ പ്രതികരണ സേന പരിശീലനം തുടങ്ങി


കൊന്നക്കാട് : വനം വകുപ്പ് കാസർകോട് ഡിവിഷൻ്റെ നേതൃത്വത്തിൽ ജില്ലയിലെ മുളിയാർ , കാറഡുക്ക , ദേലംപാടി, പനത്തടി , ബളാൽ , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളിലെ  ജനജാഗ്രത സമിതികൾ തെരഞ്ഞെടുത്ത പ്രാഥമിക സന്നദ്ധ പ്രതികരണ സേനാംഗങ്ങൾക്ക് രണ്ടു ദിവസം നീളുന്ന പരിശീലനം കോട്ടഞ്ചേരി വന വിദ്യാലയത്തിൽ ആരംഭിച്ചു. പരിശീലനം കാസർകോട് വനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പ് തുടങ്ങിയ പത്ത് മിഷനുകളിൽ ഒന്നാണ് പി ആർ ടി എന്നും സമൂഹത്തിൽ അംഗീകാരമുള്ള വ്യക്തികളെയാണ്

സേനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സീക്ക് ഡയറക്ടർ ടി പി പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. മിഷൻ പി ആർ ടി നോർത്ത് റീജ്യണൽ നോഡൽ ഓഫീസറും ആറളം വൈൽഡ് ലൈഫ് വാർഡനുമായ വി. രതീശൻ പി ആർ ടി ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും പി ആർ ടി അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും സംസാരിച്ചു. വന്യജീവികൾ ജനവാസ മേഖലയിൽ എത്തിയാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ആറളം അസി: വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, വന്യജീവികളുടെ സ്വഭാവ രീതികളും അവയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള മാർഗങ്ങളെക്കുറിച്ചും  കൺസർവേഷൻ ബയോളജിസ്റ്റ് ക്ലിൻസ് പി ജോസ്, വന്യജീവി സംഘർഷ ലഘൂകരണത്തിന് പ്രാദേശീകമായി സ്വീകരിക്കാവുന്ന പ്രവർത്തനങ്ങളെ കുറിച്ച് വനം ജില്ലാ മേധാവി ജോസ് മാത്യുവും  ക്ലാസ്സെടുത്തു. വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പിൻ്റെ സംവിധാനങ്ങളെ കുറിച്ച് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യൻ, സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ , കുറ്റിക്കോൽ പി വി സുമേഷ് പ്രഥമ ശുശ്രൂഷ പരിശീലനത്തിലും ഹസാർഡ് അനലിസ്റ്റ് പി വി ശിൽപ  ദുരന്ത നിവാരണ പ്രവർത്തനങ്ങളെ കുറിച്ചും നാളെ ക്ലാസെടുക്കും. പങ്കെടുത്ത അംഗങ്ങൾക്ക് യൂണിഫോം,

ഐഡൻ്റിറ്റി കാർഡും , സർട്ടിഫിക്കറ്റുകളും നാളെ സമാപന സമ്മേളനത്തിൽ വെച്ച് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി എൻ അഞ്ജൻ കുമാർ വിതരണം ചെയ്യും. ചടങ്ങിൽ ആറളം വൈൽഡ്  വാർഡൻ വി. രതീശൻ  അധ്യക്ഷത വഹിച്ചു. സാമൂഹ്യ വനവൽക്കരണ വിഭാഗം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ  കെ.പി ജിൽജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ സുരേന്ദ്രൻ  പ്രസംഗിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ,കാഞ്ഞങ്ങാട്  കെ. രാഹുൽ സ്വാഗതവും  റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, കാസറഗോഡ് സി വി വിനോദ് കുമാർ നന്ദിയും പറഞ്ഞു.

No comments