മഴയും മഹാളിയും മലയോരത്തെ കവുങ്ങിൻ തോട്ടങ്ങളിൽ കർഷകന്റെ കണ്ണീർ
നീലേശ്വരം : തുടർച്ചയായി പെയ്ത മഴകാരണം കവുങ്ങിൽ പടർന്നുപിടിച്ച മഞ്ഞളിപ്പിനും മഹാളി രോഗത്തിനും ശമനമില്ല. മഴ തോർന്നെങ്കിലും രോഗത്തിന് ശമനമില്ലാത്തത് കർഷകരെ ദുരിതത്തിലാക്കി. നല്ല വെയിൽ വന്നാൽ മാത്രമെ രോഗവ്യാപനത്തിന് ശമനമുണ്ടാവൂ എന്നാണ് കർഷകർ പറയുന്നത്. വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാറുണ്ടെങ്കിലും വർഷംതോറും കർഷകരുടെ കുടുംബ ബജറ്റിന് ആശ്വാസം നൽകുന്ന വരുമാനമായിരുന്നു അടയ്ക്ക കൃഷിയിൽ നിന്നുള്ള വരുമാനം. വിലയിൽ ചെറിയ വർധന ഉണ്ടെങ്കിലും ഉൽപാദനം കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. രോഗം ബാധിച്ച് കവുങ്ങ് നശിക്കുന്ന അവസ്ഥ വന്നതോടെ ഈ മേഖലയിൽ നിന്നുള്ള വരുമാനവും നിലയ്ക്കുമെന്ന ആശങ്കയിലാണ് കർഷകർ. ഒരു കൃഷിയിടത്തിൽ രോഗം എത്തിയാൽ ഒന്നിൽ തുടങ്ങി കൂട്ടത്തോടെ കമുക് നശിക്കുന്ന അവസ്ഥയാണ്. ജില്ലയിൽ വൻ തോതിലുള്ള അടയ്ക്ക കൃഷി ഓരോ വർഷവും ഗണ്യമായി കുറഞ്ഞ്
നാമമാത്രമായ തോട്ടങ്ങളിൽ ഒതുങ്ങുകയാണെന്നും കർഷകർ പറയുന്നു. കൃഷി വകുപ്പ് മാർഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ഇടയ്ക്ക് പെയ്യുന്ന മഴ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാവുകയാണ്. കിനാനൂരിലെ കർഷകൻ പി കൃഷ്ണന്റെ ഒരേക്കർ തോട്ടത്തിൽ മഹാളി ബാധിച്ച് ഭൂരിഭാഗം കവുങ്ങുകളിലേയും അടയ്ക്ക പൊഴിഞ്ഞു. ഇതുവരെ
വിളവെടുക്കാനായില്ലെന്നാണ് കൃഷ്ണൻ പറയുന്നത്. രോഗം ബാധിച്ച് പൊഴിഞ്ഞു വീണ അടക്കകൾ പെറുക്കിയെടുത്ത് ഉണക്കിയെടുക്കുകയാണ് കൃഷ്ണൻ. തുച്ഛ വില മാത്രമെ ഇതിന് ലഭിക്കൂ.
No comments