ക്ഷീര കർഷകർക്ക് കരുതലായി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ്...
പരപ്പ : ക്ഷീര കർഷകർക്ക് കരുതലായി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ്.. ബാനത്തെ മാധവി ഏട്ടിയുടെ പശുവിനാണ് പ്രസവത്തോട് അനുബന്ധിച്ച് ഗർഭാശയം പുറത്ത് വന്നത്. ഉടൻ തന്നെ ബ്ലോക്ക് മൊബൈൽ വെറ്ററിനറി ഡോക്ടരെ വിളിക്കുകയും ചികിത്സാ സഹായം തേടുകയും ചെയ്തു. ഡോക്ടർ ആൽവിൻ ജെയിംസ് കുട്ടി സ്ഥലത്തെത്തി അടിയന്തര ചികിത്സ നൽകി.
പ്രസവത്തോടനുബന്ധിച്ച് പശുക്കൾക്ക് സംഭവിക്കാവുന്ന സങ്കീർണതകൾ പലതുണ്ട്. അതിൽ ഏറ്റവും ഗുരുതരമായ സാഹചര്യങ്ങളിലൊന്നാണ് പ്രസവം കഴിഞ്ഞുള്ള ഗർഭാശയത്തിന്റെ പുറന്തള്ളൽ. ഗർഭാശയം ഭാഗികമായോ പൂർണമായോ പുറന്തള്ളാം.
ഉടൻ വിദഗ്ധ ചികിത്സ നൽകി പുറന്തള്ളിയ ഗർഭാശയഭാഗം അകത്തേക്ക് കയറ്റി. പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ രക്തവാർച്ചയുൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂർച്ഛിച്ച് പശുക്കളുടെ ജീവനെടുക്കുന്ന അവസ്ഥയാണിത്.
പശുവിന്റെ തൂക്കത്തിനനുസരിച്ച് പത്തോ പതിനഞ്ചോ ചിലപ്പോൾ അതിലധികമോ കിലോ തൂക്കമുള്ള ഗർഭാശയം, ഒരു പോറലുമേൽക്കാതെ തിരികെ തള്ളിക്കയറ്റുക എന്നത് ശ്രമകരമായ ജോലിയാണ്.
പുറന്തള്ളിയ ഗർഭപാത്രം ശരീരത്തിനകത്തേക്ക് കയറ്റി ഇനി പുറത്തോട്ട് തള്ളി വരാത്തവിധം തുന്നലിടുക എന്നതാണ് ചികിത്സ.
വളരെ ശ്രമകരമായ ഈ ചികിത്സ വീട്ടിൽ എത്തി നൽകിയത് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം ഉള്ള മൊബൈൽ വെറ്ററിനറി യൂണിറ്റും അതിന്റെ ചുമതല ഉള്ള ഡോക്ടർ ആൽവിൻ ജെയിംസ്കുട്ടി യുമാണ്....
മലയോരത്തു കർഷകർക്കായി ഇത്തരത്തിൽ സഹായം എത്തിക്കുന്ന ഈ പദ്ധതി ക്ഷീര കർഷകർക്കും പശുക്കൾക്കും ഗുണപരമായി നടന്നു വരുന്നു...
ഇത് വരെ പരപ്പ ബ്ലോക്കിൽ മൂവായിരത്തിലധികം വിവിധ തരത്തിലുള്ള കേസുകൾ ഡോക്ടർ ആൽവിൻ ജെയിംസ്കുട്ടിക്ക് കൈകാര്യം ചെയ്യാൻ സാധിച്ചു.
No comments