കൊടവലത്ത് വിട്ടു പറമ്പിലെ കിണറിൽ വീണത് രണ്ടു വയസ്സുള്ള പെൺപുലിയാണെന്നു വ്യക്തമായി
കാസർകോട് : പുല്ലൂർ, കൊടവലത്ത് വിട്ടു പറമ്പിലെ കിണറിൽ വീണത് രണ്ടു വയസ്സുള്ള പെൺപുലിയാണെന്നു വ്യക്തമായി. വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇരതേടി നടക്കുന്നതിനിടയിലായിരിക്കും പുലി അബദ്ധത്തിൽ കിണറ്റിൽ വീണതെന്നു സംശയിക്കുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് പുല്ലൂർ, കൊടവലം, നീരളംകയയിലെ മധുവിന്റെ വീട്ടുപറമ്പിലെ ആൾമറയുള്ള കിണറ്റിൽ പുലിയ വീണു കിടക്കുന്നതു കണ്ടത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി രാത്രി 9.30 മണിയോടെ പുലിയെ രക്ഷപ്പെടുത്തി കൂട്ടിലാക്കി. രാത്രി തന്നെ പുലിയെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി. ആറളത്തു നിന്നും എത്തിയ വെറ്റനറി ഡോക്ടർ നടത്തിയ പരിശോധനയിൽ പുലിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഉറപ്പു വരുത്തി. പുലിയെ എവിടെ തുറന്നു വിടണമെന്ന കാര്യത്തിൽ തീരുമാനമായില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥർ. കാട്ടിൽ തുറന്നു വിടാനാണ് ഇപ്പോഴത്തെ ആലോചന. എന്നാൽ തുറന്നു വിടേണ്ട സ്ഥലം ഏതെന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ ബേഡകം, കൊളത്തൂരിൽ നിന്നു പിടികൂടിയ പുലിയെ പിടികൂടി മുള്ളരിയയ്ക്ക് സമീപത്ത് കാട്ടിൽ വിട്ടയച്ച സംഭവം വിവാദമായിരുന്നു. അതിനാൽ കരുതലോടെ നീങ്ങാനാണ് അധികൃതരുടെ ആലോചന. പുലിയെ മൃഗശാലയിലേയ്ക്കു മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
No comments