കർഷക സ്വരാജ് സത്യാഗ്രഹം നൂറുദിവസം പൂർത്തിയാവുന്ന നവംബർ 22 മുതൽ 29 വരെ വെള്ളരിക്കുണ്ട് മേഖലയിൽ ജനസമ്പർക്ക വാരമായി ആചരിക്കും
വെള്ളരിക്കുണ്ട്: വന്യമൃഗങ്ങൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് വെള്ളരിക്കുണ്ടിൽ ആരംഭിച്ച കർഷകസ്വരാജ് സത്യാഗ്രഹം വ്യാപകമാവുകയും കൂടുതൽ കരുത്താർജ്ജിക്കുകയുമാണ്. സത്യാഗ്രഹം നൂറുദിവസം പൂർത്തിയാവുന്ന നവമ്പർ 22 മുതൽ 29 വരെ വെള്ളരിക്കുണ്ട് മേഖലയിൽ ജനസമ്പർക്ക വാരമായി ആചരിക്കും. വാരാചരണത്തിൻ്റെ ഭാഗമായി നവം 22 വൈകിട്ട് 4 മണി മുതൽ 23 വൈകിട്ട് 4 മണി വരെ രാപകൽ സത്യാഗ്രഹം, സത്യാഗ്രഹ ഫണ്ടിലേക്ക് 100 രൂപ ചലഞ്ച്, തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടു്. ജനസമ്പർക്ക വാരാചരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പരിസ്ഥിതി സമിതി പ്രസിഡൻ്റ് അഡ്വ ടി.വി. രാജേന്ദ്രനും 100 രൂപാ ചലഞ്ചിൻ്റെ ഉദ്ഘാടനം വെള്ളരിക്കുണ്ടിലെ മുതിർന്ന കർഷകൻ എം. എൽ.ആൻ്റണി മണിയങ്ങാട്ടും നിർവ്വഹിക്കും.
നവം 7 ന് സത്യാഗ്രഹ പന്തലിൽ നിന്നാരംഭിച്ച കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്ര 15 ന് സെക്രട്ടറിയേറ്റ് പടിക്കൽ സമാപിച്ചതിനു ശേഷം ആരംഭിച്ച 100 മണിക്കൂർ ഉപവാസം 19 ന് ആറു മണിക്ക് സമാപിച്ചു. സമാപന സമ്മേളനത്തിൽ സത്യാഗ്രഹം വ്യാപകമാക്കുന്നതു സംബന്ധിച്ച വിവിധ പരിപാടികൾ സത്യാഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട പ്രഖ്യാപിച്ചു. അതനുസരിച്ച് ഡിസമ്പർ രണ്ടാം വാരത്തിൽ പൂനയിൽ വച്ച് വന്യജീവി ശല്യം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലെ കർഷക സംഘടനാനേതാക്കളുടെ യോഗംചേരും. യോഗത്തിൽ വച്ച് ദേശീയ തലത്തിൽ സമര സമിതിരുപികരിച്ച് 1972-ലെ വന്യജീവി സംരക്ഷണനിയമഭേദഗതിക്കു വേണ്ടി ദേശീയ തലത്തിൽ സമരം നടത്തും. ഡിഡമ്പർ 16 മുതൽ 20 വരെ കണ്ണൂർ, വയനാട്, പാലക്കാട് എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ വെള്ളരിക്കുണ്ട് സമരത്തെ പിന്തുണച്ച് 100 മണിക്കൂർ ഉപവാസം നടക്കും.
കേരളത്തിൻ്റെ വനഭൂമിയിലെ ആവാസ വ്യവസ്ഥയുടെ തകർച്ചയും വന്യജീവികളുടെ അസന്തുലിത പെരുപ്പവും സംബന്ധിച്ച് ഗവേഷണം നടത്തി വനം വകുപ്പിൻ്റെ നയരൂപീകരണത്തിൽ ഇടപെടുന്നതിൽ പരാജയപ്പെട്ട പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്
2026 ജനുവരി ആദ്യവാരത്തിൽ പീച്ചി കെ. എഫ്.ആർ.ഐ യിലേക്ക് മാർച്ച് സംഘടിപ്പിക്കും.
ജനുവരി രണ്ടാം വാരത്തിൽ 1500 ചതുരശ്ര കിലോമീറ്ററോളം വരുന്ന വനം വകുപ്പിൻ്റെ തേക്ക് - യുക്കാലി ഏക വിള തോട്ടങ്ങളെ മുറിച്ചു മാറ്റി വന്യമൃഗങ്ങൾക്ക് ഭക്ഷണവും ജലവും ലഭ്യമാവുന്ന സ്വാഭാവിക വനമാക്കാൻ വിസമ്മതിക്കുന്ന വനം വകുപ്പിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വനം വകുപ്പിൻ്റെ തോട്ടങ്ങളിലൊന്നിൽ പ്രവേശിച്ച് നിയമം ലംഘിച്ച് പ്രതീകാത്മകമായി ഒരു മരം മുറിക്കാൻ സത്യാഗ്രഹികളെ നിശ്ചയിച്ച് അവരെ മുൻ നിർത്തിയുള്ള പദയാത്ര സംഘടിപ്പിക്കും.
No comments