ഉളിയത്തടുക്കയിൽ നിന്നും വീട്ടു മുറ്റത്തു നിന്നു 11 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാർ മോഷ്ടിച്ചു കടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ
കാസർകോട്: ഉളിയത്തടുക്ക, ഇസത്ത് നഗറിലെ വീട്ടു മുറ്റത്തു നിന്നു 11 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാർ മോഷ്ടിച്ചു കടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. മേൽപ്പറമ്പ് സ്വദേശിയും കളനാട്ടെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ റംസാൻ സുൽത്താൻ ബഷീർ (25)തളങ്കര, തെരുവത്ത് സ്വദേശിയും മേൽപ്പറമ്പിലെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ടി എച്ച് ഹംനാസ് (24) പാലക്കാട്, മണ്ണാർക്കാട്, പുതുക്കുളത്തെ പി അസറുദ്ദീൻ (25) എന്നിവരെയാണ് വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ കെ പി ഷൈനും സംഘവും അറസ്റ്റു ചെയ്തത്.
ഇസത്ത് നഗറിലെ മുഹമ്മദ് മുസ്തഫയുടെ വീട്ടുമുറ്റത്തു നിർത്തിയിരുന്ന കാർ ഡിസംബർ ഒന്നിനു രാത്രിയിലാണ് കവർച്ച പോയത്. ഇതു സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കാർ പാലക്കാട് ഭാഗത്തേയ്ക്ക് കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചത്. തുടർന്ന് മണ്ണാർക്കാട് പൊലീസിന്റെ സഹായത്തോടെ കാർ കണ്ടെത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട അസറുദ്ദീനെ ഓടിച്ചിട്ടാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലെ ഒരു കേന്ദ്രത്തിലെത്തിച്ച് പൊളിച്ച് വിൽക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അസറുദ്ദിൻ പൊലീസിനോട് പറഞ്ഞത്. ഇയാളിൽ നിന്നാണ് കാർ മോഷ്ടിച്ച് മണ്ണാർക്കാട് എത്തിച്ചത് റംസാനും ഹംനാസും ആണെന്ന വിവരം പൊലീസിനു വിവരം ലഭിച്ചത്. പൊലീസ് സംഘത്തിൽ എസ് ഐ മാരായ സഫ്വാൻ കെ പി, സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.
No comments