Breaking News

ജി.എച്ച്.എസ്.എസ് ബളാംതോട് എൻ.എസ്.എസ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം സന്ദർശിച്ചു


ബളാന്തോട് : കാസർഗോഡ് പുതുതായി ചുമതലയേറ്റ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സാബു അബ്രഹാം, ജി.എച്ച്.എസ്.എസ് ബളാൻതോട് സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രാന്തർകാവ് ഗവൺമെന്റ് യു.പി. സ്കൂളിൽ നടത്തിവരുന്ന സപ്തദിന എൻ.എസ്.എസ് ക്യാമ്പ് സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആദ്യ ഔദ്യോഗിക സന്ദർശനങ്ങളിലൊന്നായ ഈ സന്ദർശനം ക്യാമ്പ് വേദിയിൽ ഏറെ ഉത്സാഹവും പ്രചോദനവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു.

പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി എം. പത്മാവതി, 16-ാം വാർഡ് മെംബർ ശ്രീമതി ബിജി മണിയാംകുളം, 15-ാം വാർഡ് മെംബർ ശ്രീമതി രാധിക, പി.ടി.എ പ്രസിഡൻറ് ശ്രീ. ടി. വേണുഗോപാൽ എന്നിവർ പ്രസിഡന്റിനെ അനുഗമിച്ചു.

ഡിസംബർ 26 മുതൽ ആരംഭിച്ച ക്യാമ്പ് നവീനവും ജനപങ്കാളിത്തപരവുമായ പ്രവർത്തനങ്ങളോടെ മുന്നേറുകയാണ്. സമൂഹനന്മ ലക്ഷ്യമാക്കി ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾ, ഗ്രാമപഠനം, മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പരിപാടികൾ, ജൈവ പച്ചക്കറി കൃഷി പദ്ധതി, വിവിധ വ്യക്തിത്വ വികസന പരിശീലന ക്ലാസുകൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.

ജനുവരി ഒന്നുവരെ തുടരുന്ന  എൻ.എസ്.എസ് ക്യാമ്പ്, പ്രദേശത്തെ സാമൂഹിക–സാംസ്കാരിക മുന്നേറ്റങ്ങൾക്ക് കരുത്തേകുന്നതിനൊപ്പം വിദ്യാർത്ഥികളിൽ സേവനമനോഭാവവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നതായി എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ. എ. രഘുനാഥും  പ്രിൻസിപ്പൽ ശ്രീ. എം. ഗോവിന്ദൻ മാസ്റ്ററും അറിയിച്ചു.


No comments