Breaking News

കാസർകോട് സ്വദേശിയെ ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: കുമ്പള, ബന്തിയോട്, പഞ്ചത്തൊട്ടി സ്വദേശിയെ ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇതു സംബന്ധിച്ച വിവരം നാട്ടിൽ ലഭിച്ചത്. പഞ്ചത്തൊട്ടിയിലെ ഹസൈനാർ സഫിയ ദമ്പതികളുടെ ഏകമകൻ മുഹമ്മദ് ഷഫീഖ് (25)ആണ് മരിച്ചത്. ദുബായ് പോർട്ട് റാഷിദ് കടലിൽ ആണ് മൃതദേഹം കാണപ്പെട്ടതെന്ന് ബന്ധുക്കൾക്ക് നാട്ടിൽ വിവരം ലഭിച്ചു. ബർദുബൈയിൽ താമസിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷഫീഖ്. എട്ടു മാസം മുമ്പാണ് നാട്ടിലെത്തി തിരികെ പോയത്. ഡിസംബർ നാലിനു രാത്രി മുഹമ്മദ് ഷഫീഖും കൂടെ താമസിക്കുന്ന രണ്ടു പേരും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതിനു പിന്നാലെ താഴത്തെ നിലയിലുള്ള ശുചിമുറിയിലേക്ക് പോയ ശേഷം മുഹമ്മദ് ഷഫീഖ് തിരിച്ചെത്തിയിരുന്നില്ലെന്നു പറയുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കടലിൽ കാണപ്പെട്ടത്. സംഭവത്തിൽ സഹ താമസക്കാരായ രണ്ടു പേരെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോർട്ടുകൾ. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.

No comments