Breaking News

ബി.എല്‍.ഒ മാര്‍ക്കെതിരെ അതിക്രമം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും; ജില്ലാ കളക്ടര്‍


ബി.എല്‍.ഒ മാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഐഎഎസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉപ്പളയില്‍ ബി.എല്‍.ഒ യെ എസ്‌ഐആര്‍ വോട്ടര്‍പട്ടിക വിവരശേഖരണം നടത്തുന്നതിനിടെ ഒരു രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകന്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ബി.എല്‍.ഒയുടെ ഫോണിലെ എസ് ഐ ആര്‍ അപ്ലിക്കേഷനിലെ വിവരങ്ങള്‍ സ്വന്തം ഫോണിലേക്കും മറ്റു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും പങ്കു വച്ച് ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. ഇയാള്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. ജില്ലയില്‍ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ വളരെ ആത്മാര്‍ത്ഥമായാണ് എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രവര്‍ത്തിച്ചുവരുന്നത്. ഏതെങ്കിലും ബൂത്ത് തല ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ടെങ്കില്‍ ജില്ലാ കലക്ടറെ നേരിട്ട് അറിയിക്കേണ്ടതാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.


No comments