പ്രതിശ്രുത വധൂവരന്മാർക്ക് ഒന്നാം റാങ്കിന്റെ മധുരം ; എയിംസ് എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ പ്രതിശ്രുത വധൂവരന്മാരായ ഡോ ജിത്തു ഡൊമിനിക്കും ഡോ ഷെറിൻ ജോസും
ചിറ്റാരിക്കാൽ : ഒരുമിച്ച് ജീവിതം ആരംഭിക്കുന്നതിന് മുന്പേ വന്പൻ ജീവിത മധുരം പങ്കുവയ്ക്കുന്നുണ്ട് ജിത്തുവും ഷെറിനും. എയിംസ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് പങ്കിട്ടാണ് ചിറ്റാരിക്കാലിലെ ഡോ. ജിത്തു ഡൊമിനിക്കും കണ്ണൂർ പള്ളിക്കുന്നിലെ ഡോ. ഷെറിൻ ജോസും മധുര ജീവിതം ആരംഭിക്കുന്നത്. എയിംസിൽ എംസിഎച്ച് ഇൻ മിനിമൽ ആക്സസ് സർജറി കോഴ്സിന്റെ എൻട്രൻസിലാണ് ഡോ. ജിത്തുവിന്റെ ഒന്നാം റാങ്ക് നേട്ടം. എംസിഎച്ച് ഇൻ പ്ലാസ്റ്റിക് സർജറിയുടെ എൻട്രൻസ് പരീക്ഷയിലാണ് ഡോ. ഷെറിൻ ജോസിന് ഒന്നാം റാങ്ക്. ജനുവരി 30നാണ് ഇവരുടെ വിവാഹം. ജൂണിൽ വിവാഹം നിശ്ചയിച്ച ശേഷം ഇരുവരും എൻട്രൻസ് പരീക്ഷയുടെ തിരക്കിലായിരുന്നു. ഓൺലൈനിലൂടെ പരസ്പരം ആശയങ്ങൾ പങ്കുവെച്ച് പരീക്ഷക്കൊരുങ്ങിയത് റാങ്കിലെത്താൻ സഹായിച്ചതായി ഇവർ പറയുന്നു. ചിറ്റാരിക്കാൽ ടൗണിലെ ആദിത്യ സ്റ്റുഡിയോ ഉടമ കിഴക്കേൽ ഡൊമിനിക്കിന്റെയും മേഴ്സി ഡൊമിനിക്കിന്റെയും മകനാണ് ഡോ. ജിത്തു. എംബിബിഎസ് കഴിഞ്ഞ് ഡൽഹി എയിംസിൽ ജോലി ചെയ്യുന്നു. കണ്ണൂർ പള്ളിക്കുന്നിലെ ഒറ്റപ്ലാക്കൽ ജോസിന്റെയും കണ്ണൂർ കൊയിലി നഴ്സിങ് കോളേജിൽ നഴ്സിങ് ട്യൂട്ടർ എൽസ ജോസിന്റെയും മകളാണ് ഡോ. ഷെറിൻ ജോസ്. എംബിബിഎസ് കഴിഞ്ഞ് മൈസൂരു മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു.
No comments