Breaking News

പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ


കണ്ണൂർ: കണ്ണൂർ പിണറായില്‍ ബോംബ് കയ്യില്‍നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്. വലത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. അതേസമയം, പാനൂരില്‍ സിപിഎം  സൈബർ ഗ്രൂപ്പുകള്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി തുടരുകയാണ്. ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സിപിഎം ആയുധം താഴെ വെക്കണമെന്ന് കെപിസിസി പ്രസിഡ‍ന്‍റ് ആവശ്യപ്പെട്ടു


ഉച്ചയ്ക്ക് രണ്ടരയോടെയാണ് പിണറായി വെണ്ടുട്ടായില്‍ സ്ഫോടനമുണ്ടായത്. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ ഉഗ്ര സ്ഫോടനത്തിലാണ് സിപിഎം പ്രവര്‍ത്തകനായ വിരിന്‍ രാജിന്‍റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്. എന്നാല്‍, പാനൂര്‍ ഉള്‍പ്പടെയുളള മേഖലയില്‍ പ്രയോഗിക്കാന്‍ സിപിഎം വ്യാപകമായി ബോംബ് നിര്‍മിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. അക്രമികളെ സിപിഎമ്മും പൊലീസും സംരക്ഷിക്കുകയാണെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം ശൈലി അപമാനകരമാണെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

No comments