
കാസർകോട് : വടക്കേ മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാവുന്ന ഉഡുപ്പി കരിന്തളം 400 കെ വി ലൈൻ അന്തർ സംസ്ഥാന പദ്ധതിക്ക് ഭൂമി വിട്ടുനൽകുന്നവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. പാക്കേജ് നടപ്പാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണമായും സ്റ്റെർലൈറ്റ് പവർട്രാൻസ്മിഷൻ ലിമിറ്റഡ് വഹിക്കും. പ്രോജക്ടിനായി രൂപീകരിച്ച ഉഡുപ്പി കാസർകോട് ട്രാൻസ്മിഷൻ ലിമിറ്റഡാണ് പണം നൽകുക. ഉയർന്ന നഷ്ടപരിഹാരം ഉറപ്പാക്കുന്ന പാക്കേജ് വടക്കൻ മലബാറിനുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണ്. നിലവിൽ 1995-ൽ നിർമിച്ച അരീക്കോട് നിന്നുള്ള രണ്ട് 220 കെവി ഫീഡറുകളെയാണ് കണ്ണൂർ, കാസർകോട് ജില്ലകൾ വൈദ്യുതിക്കായി പ്രധാനമായും ആശ്രയിക്കുന്നത്. ഈ ലൈനുകളിലെ തകരാറുകൾ വടക്കൻ കേരളത്തെ ഇരുട്ടിലാക്കുന്ന അവസ്ഥയ്ക്ക് പദ്ധതി ശാശ്വത പരിഹാരമാകും. പദ്ധതി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട തടസത്താൽ വൈകിയിരുന്നു. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഉദാരമായി നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചതോടെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാവും. പദ്ധതിയുടെ പ്രധാന കേന്ദ്രമായ കരിന്തളത്ത് സർക്കാർ പാട്ടത്തിന് നൽകിയ 12 ഏക്കറിൽ 400/220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന്റെ നിർമാണം പൂർത്തിയായി. കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ആർഇസി ട്രാൻസ്മിഷൻ പ്രോജക്ട് കമ്പനി ലിമിറ്റഡ് വഴി സ്റ്റെർലൈറ്റ് പവർ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉഡുപ്പി മുതൽ കരിന്തളംവരെ 116 കിലോമീറ്ററിൽ നിർമിക്കുന്ന ലൈനിൽ 47 കിലോമീറ്റർ കേരളത്തിലൂടെയാണ്. ഉത്തര മലബാറിൽ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കുന്ന 125 കിലോമീറ്റർ കാസർകോട് - - വയനാട് 400 കെവി ലൈൻ കൂടി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 800 മെഗാവാട്ടിന്റെ വർധനയുണ്ടാകും. ഇത് മൈസൂരു-അരീക്കോട് -അന്തർ സംസ്ഥാന ലൈനുമായി ബന്ധിപ്പിക്കാനുമാവും. ഭൂവുടമകളുടെ എതിർപ്പുകാരണം മന്ദഗതിയിലായിരുന്ന ഉഡുപ്പി, - കരിന്തളം ലൈൻ പ്രവൃത്തി പുതിയ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുന്നതോടെ വേഗത്തിലാകും. മൈലാട്ടി, അമ്പലത്തറ സോളാർ പാർക്ക്, വിദ്യാനഗർ എന്നിവിടങ്ങളിലെയും കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട്, തളിപ്പറമ്പ്, തലശേരി എന്നിവിടങ്ങളിലെയും സബ്സ്റ്റേഷനുകൾക്ക് നേരിട്ട് പദ്ധതിയുടെ പ്രയോജനമെത്തും.
No comments