Breaking News

ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ തട്ടിയെടുത്തു; സിപിഎമ്മിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി കണ്ണൂരിലെ നേതാവ് വി കുഞ്ഞികൃഷ്ണൻ


തിരുവനന്തപുരം: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഎം തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണൻ. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചിലവഴിച്ചതിൽ കൃത്രിമം നടത്തിയെന്നതാണ് പ്രശ്നമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്.

ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎയായ ടി ഐ മധുസൂദനൻ തട്ടിയെടുത്തു. ഒരു കോടി രൂപയാണ് പിരിച്ചത്. അതിൽ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ‘തന്റെ മുന്നിൽ ആദ്യമായി വരുന്നത് ധൻരാജ് രക്തസാക്ഷി ഫണ്ടല്ല. ധൻരാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വർഷം തന്നെ ഫണ്ട് പിരിക്കാൻ തീരുമാനിച്ചു. പാർട്ടി പ്രവർത്തനത്തിൻ്റെ ഭാ​ഗമായി ഒരാൾ കൊല ചെയ്യപ്പെടുമ്പോൾ ആ കുടുംബത്തെ അനാഥമാക്കാൻ കഴിയില്ലെന്നാണ് പാർട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയിൽ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. വീട് നിർമിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.’

‘2017 ഡിസംബർ 8,9 തിയ്യതികളിൽ നടന്ന ഏരിയാസമ്മേളനത്തിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പിന്നീട് ധൻരാജിൻ്റെ കുടുംബത്തിനുള്ള വീട് നിർമാണമുൾപ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് ‍താൻ പാർട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ൽ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകൾ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാൻ തന്നെ ഏൽപ്പിച്ചിരുന്നു. അതിൽ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധൻരാജ് ഫണ്ട് പരിശോധിക്കുന്നത്. 2017ലെ വരവിൽ 10ലക്ഷത്തിലേറെ തുക ചിലവായെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് അന്ന് പിരിച്ചിരുന്നത്’. വീട് നിർമാണത്തിന്റെ കണക്കുകൾ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

No comments