Breaking News

കരിന്തളം മുക്കടയിലെ "നാടിന്റെ കളിക്കളം സമർപ്പണവും അന്തർ സംസ്ഥാന വോളി നൈറ്റും - 31 ന്


നീലേശ്വരം: കരിന്തളം മുക്കട -കുണ്ടൂർ ദേശത്ത് തലമുറകൾക്ക് കളിച്ചു വളരുന്നതിന് വേണ്ടി നാടിന്റെ കൂട്ടായ്മയിൽ നിർമ്മിക്കുന്ന കളിക്കളത്തിന്റെ സമർപ്പണവും അന്തർ സംസ്ഥാന വോളി നൈറ്റും  ജനുവരി 31 ന് വൈകുനേരം 6 മണി മുതൽ മുക്കട കുണ്ടൂരിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തലമുറകൾക്ക് കളിച്ചു വളരാൻ ഒരു കളി സ്ഥലം എന്നതിനപ്പുറത്തേക്ക് നാടിന് ഒത്തുചേരാൻ ഒരിടം എന്ന സ്വപ്നം കൂടിയാണ് യാഥാർത്ഥ്യമാകുന്നത് എന്ന് സംഘാടകർ അറിയിച്ചു. സ്വകാര്യ വ്യക്തിയിൽ നിന്നും 30 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കളി സ്ഥലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇതിന് ആവശ്യമായ 15 ലക്ഷം രൂപ കണ്ടെത്തുന്നതിന്   വേണ്ടി സർഗ്ഗാത്മകമായ നിരവധി പ്രവർത്തനങ്ങൾക്കാണ് നാട് ഒരുമിച്ച് നിന്നത്. ആക്രി സാധനങ്ങൾ പെറുക്കിയും ചക്കവറുത്തും, മീൻ വിറ്റും, ബിരിയാണി ചലഞ്ച് നടത്തിയും, അച്ചാർ വിറ്റും, ചായപ്പൊടി ഫസ്റ്റ് നടത്തിയും, തട്ടുകട നടത്തിയും  കമ്പവലി മത്സരം സംഘടിപ്പിച്ചും ലഭിച്ച നാണയത്തുട്ടുകൾ കൊണ്ട് ഒരു നാട് പുതിയ മാതൃക സൃഷ്ടിച്ചു. മുക്കട കുണ്ടൂർ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും കളിക്കളം നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായി. ഗ്രൗണ്ട് സമർപ്പണം കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരനും ഇതിൻ്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാമും വോളി നൈറ്റിലെ വിജയിക്കൾക്കുള്ള സമ്മാനദാനം കിനാനൂർ കരിന്തളം പഞ്ചായത്ത്  പ്രസിഡൻ്റ് എം രാജനും നിർവ്വഹിക്കും. മുക്കട കെജിഎഫ് ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ  നടക്കുന്ന അന്തർ സംസ്ഥാന വോളി  ടൂർണമെന്റിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് പുലിയന്നൂരിലെ  കെ വി അപ്പൂഞ്ഞിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ 25026 രൂപയും കുണ്ടൂരിലെ  സി ബാലന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന്  പുലിയന്നൂരിലെ വി.വി അമ്പാടിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ 20026 രൂപയും, സമുദ്ര ട്രേഡിംഗ് കാലിച്ചമരം ഏർപ്പെടുത്തിയ ട്രോഫിയും സമ്മാനമായി ലഭിക്കും. വാർത്ത സമ്മേളനത്തിൽ സംഘാടകസമിതി രക്ഷാധികാരി എം ചന്ദ്രൻ,ചെയർമാൻ വി അമ്പൂഞ്ഞി,ജനറൽ കൺവീനർ വി ജി അനീഷ് , വർക്കിംഗ് ചെയർമാൻ എൻ വിനോദ്,വൈസ് ചെയർമാൻ യു രതീഷ്,കെ ശശി,എൻ രാജൻ എന്നിവർ പങ്കെടുത്തു.

No comments