Breaking News

കാസർകോട്- മംഗ്ളൂരു ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസയിലെ സംഘർഷം ; എം എൽ എ ഉൾപ്പെടെ 60 പേരെ അറസ്റ്റു ചെയ്തു


കാസർകോട്: കാസർകോട്- മംഗ്ളൂരു ദേശീയപാതയിലെ കുമ്പള ടോൾപ്ലാസയിലെ ടോൾ പിരിവ് തടഞ്ഞ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ടോൾ പിരിവ് ആരംഭിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് എം എൽ എ ഉൾപ്പെടെ 60 പേരെ അറസ്റ്റു ചെയ്തു. എ കെ എം അഷ്റഫ് എം എൽ എ, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ തുടങ്ങിയവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടർന്ന് അവശേഷിച്ചവർ സ്വയം പിരിഞ്ഞ് പോയി. ടോൾ പിരിവ് സംബന്ധിച്ച് ദേശീയപാത അധികൃതരും ആക്ഷൻ ഭാരവാഹികളും രാവിലെ ചർച്ച നടത്തിയിരുന്നു. ചർച്ച പരാജയപ്പെട്ടതോടെയാണ് സമരക്കാർ റോഡ് തടഞ്ഞത്. സമരം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി തയ്യാറായതോടെ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കാനും ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ കുമ്പളയിൽ ടോൾ പിരിക്കാനായിരുന്നു നേരത്തെ തീരുമാനം. ഇതിനു ജീവനക്കാരെയും നിയോഗിച്ചിരുന്നു. ടോൾ പിരിക്കാനുള്ള തീരുമാനമറിഞ്ഞ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും എം എൽ എയും അടക്കം നൂറുകണക്കിനു പേർ സ്ഥലത്തെത്തി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ കടത്തി വിടാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ വാഹനം കടത്തി വിടാനുള്ള ശ്രമം സമരക്കാർ റോഡിൽ കിടന്ന് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയും ഗതാഗതം സ്തംഭിക്കുകയുമായിരുന്നു.

No comments