
തൃക്കരിപ്പൂർ : ലോകം ഉറ്റുനോക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിൽ കേരളത്തിന്റെ അഭിമാനമായി കാസർകോട് സ്വദേശി. പിലിക്കോട് വയലിലെ എം നന്ദകിഷോറാണ് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026ൽ മെറ്റയുടെ പ്രതിനിധിയായി പങ്കെടുക്കുന്നത്. ഇസിജി ദൃശ്യങ്ങൾ തത്സമയം വിശകലനംചെയ്ത് കൃത്യമായ രോഗനിർണയം നടത്തുന്ന വിപ്ലവകരമായ എഐ സാങ്കേതികവിദ്യ നന്ദകിഷോർ ഉച്ചകോടിയിൽ അവതരിപ്പിക്കും. ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിലെ മുഖ്യ ആകർഷണമായ ലോകാരോഗ്യ സംഘടനയുടെ സംഗ്രഹപ്രസിദ്ധീകരണത്തിൽ ഒരു ചാപ്റ്റർ നന്ദകിഷോറിന്റേതാണ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരമുള്ള കോൺവായ് ഇന്നൊവേഷൻസ് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ ഇസിജി വിശകലനത്തെക്കുറിച്ച് നന്ദകിഷോർ എഴുതിയ ഗവേഷണ ലേഖനം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. സാധാരണക്കാർക്ക് പെട്ടെന്ന് ലഭ്യമാകാത്ത ഹൃദ്രോഗ വിദഗ്ധരുടെ സേവനം എഐ വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും എത്തിക്കലാണ് ലക്ഷ്യം. പിലിക്കോട് വയലിലെ കിഴക്കേവീട്ടിൽ തമ്പാന്റെയും കല്യാണിയുടെയും മകനാണ്. ആരോഗ്യ സംരക്ഷണരംഗത്ത് നൂതന മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം വരും കാലങ്ങളിൽ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. സഹോദരി ഡോ. എം അഞ്ജലി ഗവേഷണ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയുമായി കൂടെയുണ്ട്. എയിംസ് ഋഷികേശിൽനിന്ന് എംഡി പഠനം പൂർത്തിയാക്കി കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ അസി. പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ്. രണ്ട് പേരും പ്രാഥമികതലം മുതൽ പിലിക്കോട്ടെ സർക്കാർ വിദ്യാലയത്തിൽനിന്ന് പഠിച്ചവരാണ്.
No comments