പ്ലാസ്റ്റിക്കിനൊരു ബദൽ പാളപ്ലേറ്റുകൾ ബേഡകം ബീംബുങ്കാലിൽ നിന്നൊരു വിജയവഴി
ബേഡകം : റോഡരികിലും പൊതുയിടങ്ങളിലും പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കണ്ട് മനംമടുത്താണ് ബേഡകം ബിംബുങ്കാലിലെ ബി പ്രശാന്ത് ചന്ദ്രമാനും ബി ശ്രീരക്ഷയും പ്ലാസ്റ്റിക്കിനൊരു ബദൽ തേടിയിറങ്ങിയത്. രണ്ടുവർഷത്തെ പഠനത്തിനുശേഷം അവർ പുതിയ സംരംഭത്തിന് തുടക്കമിട്ടു. അവരുടെ പാൽമിറ പാള പ്ലേറ്റ് നിർമാണ സംരംഭം വിജയകരമായി മുന്നേറുകയാണ്. സംരംഭത്തിന്റെ ഫാക്ടറി ബിംബുങ്കാലിലും ഓഫീസ് അണങ്കൂറിലുമാണ്. കവുങ്ങിൽ നിന്നും ലഭിക്കുന്ന ഉണങ്ങിയ പാളകൾ ഉപയോഗിച്ച് വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള പാത്രങ്ങൾ, സ്പൂൺ എന്നിവയാണ് ഇവർ നിർമിക്കുന്നത്. ബിംബുങ്കാലിൽ വീടിന് സമീപത്തുള്ള ഫാക്ടറിയിൽ പാള ഉൽപ്പന്നങ്ങൾ നിർമിക്കാൻ പത്ത് ലക്ഷം രൂപ വിലയുള്ള യന്ത്രങ്ങളുണ്ട്. അമ്പതിനായിരം പാളകൾ ഇവിടെ സ്റ്റോക്കുണ്ട്. നാലു പേർ പാത്രം നിർമാണത്തിലും മൂന്നുപേർ പാള ശേഖരണത്തിലും വിൽപ്പനയിലുമായി ആകെ ഏഴു തൊഴിലാളികൾ ജോലിചെയ്യുന്നു. കവുങ്ങ് കർഷകരിൽനിന്ന് നേരിട്ടാണ് ഒരു പാളക്ക് രണ്ടു രൂപ നിരക്കിൽ നൽകി ശേഖരിക്കുന്നത്. കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം പാളപാത്രങ്ങൾ മിതമായ നിരക്കിൽ വിൽപ്പന നടത്തുന്നു. പ്ലാസ്റ്റിക്കിന് ബദൽ ഒരുക്കുന്നുന്നതിനൊപ്പം മികച്ചൊരു വരുമാന മാർഗവുമായി ഇവരുടെ പാളപ്ലേറ്റ് നിർമാണ സംരംഭം.
No comments