കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ കായൽ ടൂറിസം ഫെസിലിറ്റി സെന്റർ ഒരുക്കുന്നതിനായി ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ ഇ ടെൻഡർ ക്ഷണിച്ചു
നീലേശ്വരം : കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ കായൽ ടൂറിസം ഫെസിലിറ്റി സെന്റർ ഒരുക്കുന്നതിനായി ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ ഇ ടെൻഡർ ക്ഷണിച്ചു. ഇതോടെ മലബാറിലെ പ്രധാന ടൂറിസം ഹബ്ബായ കോട്ടപ്പുറം, വലിയപറമ്പ, കവ്വായി കായൽ, തേജസ്വിനി പുഴ എന്നിവ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര സാധ്യത വർധിച്ചു. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലും 64.52 സെന്റ് അനുബന്ധ ഭൂമിയും ലീസിനുനൽകാനുള്ള ഇ - ടെൻഡറാണ് ക്ഷണിച്ചത്. 18 ആണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന ദിവസം. നിലവിൽ മൂന്ന് വർഷത്തേക്കാണ് ലീസിന് നൽകിയത്. ഇവരുടെ കാലാവധി ജൂണിൽ അവസാനിക്കും. ആദ്യം 10 വർഷത്തേക്കാണ് ലീസിന് നൽകുന്നത്. കാലാവധി തീരുന്ന മുറയ്ക്ക് വീണ്ടും പത്ത് വർഷം വീതം രണ്ട് തവണ കരാർ പുതുക്കി നൽകും. ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തുന്നവർക്കും കായൽ ടൂറിസ്റ്റുകൾക്കും രാജ്യാന്തര നിലവാരത്തിലുള്ള ലോഞ്ച്, റസ്റ്റോറന്റുകൾ, കായൽ ഭംഗി ആസ്വദിക്കാനുള്ള ഇടങ്ങൾ എന്നിവയൊക്കെ ടെർമിനലിൽ ഒരുക്കും. ലീസിനെടുക്കുന്ന കമ്പനിയുമായി ബിആർഡിസി അധികൃതർ ഇതുസംബന്ധിച്ച് ചർച്ച നടത്തി ധാരണയിലെത്തും. ഫോർട്ട് കൊച്ചി മാതൃകയിൽ പുഴയോരത്ത് രാത്രി കാല സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പരിപാടിയും ആസൂത്രണം ചെയ്യും. ഹൗസ് ബോട്ട് ടെർമിനലും നാല് ഹൗസ് ബോട്ടുകളുമായാണ് ബിആർഡിസി കോട്ടപ്പുറത്ത് ടൂറിസം ഹബ് തുടങ്ങിയത്. ഇപ്പോൾ സ്വകാര്യ സംരംഭകരുടേതുൾപ്പെടെ 30 ഓളം ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. കുമരകം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഹൗസ് ബോട്ടുകളുള്ള കോട്ടപ്പുറം ടെർമിനൽ ഇതിനകം ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചു. ഡിടിപിസിയിൽനിന്നും ഏറ്റെടുത്ത ശേഷം നിലവിൽ 64. 52 സെന്റ് ഭൂമി ബിആർഡിസിയുടെ കൈവശമുണ്ട്. ബേക്കൽ ജലപാത കൂടി യാഥാർഥ്യമായാൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. രണ്ട് വർഷം മുന്പ് 9 കോടി ചെലവിലാണ് കോട്ടപ്പുറം ടെർമിനൽ നിർമിച്ചത്.
No comments