മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 103.68 ലിറ്റർ കർണ്ണാടക ഗോവൻ നിർമ്മിത മദ്യവുമായി യുവാവ് അറസ്റ്റിൽ...
കാസർകോട്: മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 103.68 ലിറ്റർ കർണ്ണാടക ഗോവൻ നിർമ്മിത മദ്യവുമായി യുവാവ് അറസ്റ്റിൽ. മഞ്ചേശ്വരം, കുഞ്ചത്തൂർ അണ്ണമജൽ വീട്ടിൽ കെ.എ രവികിരണി(38)നെയാണ് കാസർകോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.കെ അശ്വിനും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ 12. 30 മണിയോടെ ബേള, നീർച്ചാലിൽ വച്ചാണ് മദ്യം പിടികൂടിയതെന്നു എക്സൈസ് അധികൃതർ പറഞ്ഞു. അറസ്റ്റിലായ രവികിരൺ സ്ഥിരമായി മദ്യം കടത്തുന്ന ആളാണെന്നും മാസങ്ങളായി നിരീക്ഷണത്തിലായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഗോവൻ നിർമ്മിതമായ 180 മില്ലി വീതമുള്ള കുപ്പികളും കർണ്ണാടക നിർമ്മിതമായ പാക്കറ്റ് മദ്യവും വലിയ കാർബോർഡ് പെട്ടികളിലാക്കി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ രീതിയെന്നും എക്സൈസ് അധികൃതർ കൂട്ടിച്ചേർത്തു. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി വിനോദൻ, എൻ.വി ദിവാകരൻ, ഇന്റലിജൻസ് ബ്യൂറോയിലെ പി.ഒ സാജൻ അപ്യാൽ, സിഇഒമാരായ എം അനുരാഗ്, എം ശ്യാംജിത്ത്, മൈക്കിൾ ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
No comments