ഉദ്‌ഘാടനം കഴിഞ്ഞ റോഡിൽ വീണ്ടും നിർമ്മാണ പ്രവൃത്തി ചെറുവത്തൂർ-ഓടക്കൊല്ലി-ചിറ്റാരിക്കാൽ-ഭീമനടി റോഡിൽ സംരക്ഷണവേലി നിർമാണം ആരംഭിച്ചത്
നർക്കിലക്കാട് : മാർച്ച് നാലിന് പൊതുമരാമത്ത് മന്ത്രി പി.എം. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത റോഡിൽ നിർമാണം പുനരാരംഭിച്ചു. പുനരാരംഭിച്ച നിർമാണത്തിൽ അപാകമെന്നാരോപിച്ച് നാട്ടുകാർ രംഗത്ത്. 123 കോടി രൂപ ചെലവിലാണ് ചെറുവത്തൂർ- ഓടക്കൊല്ലി-ചിറ്റാരിക്കാൽ ഭീമനടി റോഡ് നവീകരണം നടന്നത്. 2019-ലാണ് റോഡ് നിർമാണം ആരംഭിച്ചത്. 10 മീറ്റർ വീതിയിൽ റോഡ് നിർമിച്ച് 5.5. മീറ്റർ വീതിയിൽ മെക്കാഡം ടാറിടണം. ചിറ്റാരിക്കാൽ-ഭീമനടി റോഡിൽ പല സ്ഥലത്തും ആവശ്യമായ വീതിയില്ലെന്ന് നിർമാണാരംഭത്തിൽ തന്നെ പരാതിയുയർന്നിരുന്നു. എന്നാൽ, ഒരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഉദ്ഘാടനം കഴിഞ്ഞ റോഡിലെ വരക്കാട് ഭാഗത്താണ് രണ്ടുദിവസം മുൻപ് സംരക്ഷണവേലി നിർമാണം ആരംഭിച്ചത്. ചിറ്റാരിക്കാൽ-ഭീമനടി റോഡിൽ എളേരിത്തട്ട് കോളേജ് റോഡ് സന്ധിക്കുന്ന കവലയിൽ റോഡിന് ആവശ്യമായ വീതിയില്ല. എട്ടുമീറ്റർ പോലും വീതിയില്ലാത്തതിനാൽ എളേരി കോളേജ് റോഡിൽനിന്നും ഇറക്കമിറങ്ങിവരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. കവലയിലെ ആറുമീറ്റർ താഴ്ചയുള്ള തളാപ്പിൽ പ്രഭാകരന്റെ വീട്ടുമുറ്റത്തേക്ക് വാഹനങ്ങൾ മറിഞ്ഞ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വീതികൂട്ടാനാവശ്യമായ സ്ഥലം വിട്ടുനൽകാൻ പ്രഭാകരൻ തയ്യാറാണ്. എന്നാൽ പാർശ്വഭിത്തി നിർമിക്കാൻ ബന്ധപ്പെട്ടവർ തയ്യാറല്ല. വരക്കാട് സെയ്ന്റ് ജോസഫ് പള്ളിപരിസരത്തും വീതി കുറവാണ്. പള്ളി അധികാരികളും സ്ഥലം നൽകാൻ തയ്യാറാണ്. കഴിഞ്ഞ ദിവസം നിർമിച്ച സംരക്ഷണവേലി കാൽനടയാത്രക്കാർക്ക് ദുരിതമായി മാറും. റോഡിലെ ടാറിട്ട ഭാഗത്തുനിന്ന് ഒരു മീറ്റർ പോലും അകൽച്ചയില്ലാതെയാണ് ഇരുമ്പുവേലി നിർമിച്ചത് .
No comments