Breaking News

ലോക ജലദിനം: റാണിപുരത്ത് 'ഒത്തിരി തണ്ണീർ സാന്ത്വനം' ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു


പനത്തടി : റാണിപുരം വന സംരക്ഷണ സമിതിയുടെയും കേരള വനം & വന്യജീവി വകുപ്പിന്റെയും നേതൃത്വത്തിൽ ലോക ജലദിന ആഘോഷങ്ങളുടെ ഭാഗമായി “ഒത്തിരി തണ്ണീർ സാന്ത്വനം” പരിപാടി ജില്ലാ കലക്ടർ  അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ജെ കെ ജിജേഷ് കുമാർ , പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു കൃഷ്ണൻ, ഡി.കെ. വിമൽ രാജ് എന്നിവർ സംസാരിച്ചു.

വേനൽ ചൂട് രൂക്ഷമായ സാഹചര്യത്തിൽ റാണിപുരം, പന്തിക്കൽ, അച്ചംപാറ, കുണ്ടുപ്പള്ളി, പാറക്കടവ് പ്രദേശങ്ങളിൽ മുളംതണ്ട് കൊണ്ടുള്ള പാത്രങ്ങളിൽ ജലം ഒഴിച്ച് പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നു. മുൻവർഷങ്ങളിലും ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. 

റാണിപുരം ഹിൽ സ്റ്റേഷൻ ജില്ലാ കളക്ടർ സന്ദർശിച്ചു - റാണിപുരത്ത് ടൂറിസം കോംപ്ലക്സ് തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കും: ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ 

റാണിപുരം ഹിൽ സ്റ്റേഷൻ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധം അടിസ്ഥാന സംവിധാനമൊരുക്കുമെന്ന് റാണിപുരം സന്ദർശിച്ച ജില്ലാ കളക്ടർ ആർജുൻ പാണ്ഡ്യൻ പറഞ്ഞു. സഞ്ചാരികൾക്ക് വേണ്ടി നിർമിച്ച ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ടൂറിസം കോംപ്ലക്സ് തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കും. രാവിലെ ഒരു മണിക്കൂർ നേരത്തേ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനും വൈകീട്ട് പ്രവേശനത്തിന്  കൂടുതൽ സമയം അനുവദിക്കുന്നതും പരിശോധിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടർ നിർദ്ദേശിച്ചു.

No comments