നിർത്തിയിട്ട പിക്കപ്പ് വാനിൽ ബൈക്കിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു, അപകടം കാസർഗോഡ് കുമ്പളയിൽ വെച്ച്
കാസർകോട്: ചെങ്കള തലപ്പാടി ദേശീയപാതയിലെ കുമ്പള,ബന്തിയോട്ട് നിർത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നിൽ ബൈക്കിടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം. ഏക കൺമണിയുടെ മുടികളയൽ ചടങ്ങിൽ സംബന്ധിച്ച് ജോലി സ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടയിൽ ഉണ്ടായ അപകടമരണം നാടിനെയും ഉറ്റവരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. പാണലം ജുമാമസ്ജിദിലെ ഇമാമും മദ്രസയിലെ സദർ മുഹഅല്ലിമുമായ തലപ്പാടി, ബിസി റോഡിലെ മുഹ്യുദ്ദീൻ സിനാൻ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറേകാൽ മണിയോടെ ബന്തിയോട്ടായിരുന്നു അപകടം. ദേശീയപാതയിൽ നിർത്തിയിട്ട പിക്കപ്പിനു പിന്നിൽ സിനാൻ ഓടിച്ചിരുന്ന ബൈക്കിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ മംഗ്ളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുഹ്യുദ്ദീൻ സിനാനിന്റെ ഭാര്യ ആസിയ സഹന ഒരാഴ്ച മുമ്പാണ് ആദ്യത്തെ കൺമണിയായ, ആൺ കുഞ്ഞിനു ജന്മം നൽകിയത്. തിങ്കളാഴ്ചയായിരുന്നു കുഞ്ഞിന്റെ ആദ്യ മുടികളയൽ ചടങ്ങ്. ഇതിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് മുഹ്യുദ്ദീൻ സിനാൻ അപകടത്തിൽപ്പെട്ടത്. ഇല്യാസ്- സംസുന്നീസ r ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശിഹാബുദ്ദീൻ, റിത്ത്വാൻ, സാഹിദ.
No comments