നീലേശ്വരം പാലാത്തടം ക്യാമ്പസിലെ കോഴ്‌സുകള്‍ മാറ്റാനുള്ള തീരുമാനം റദ്ദാക്കി
നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാലയുടെ നിലേശ്വരം പാലാത്തടത്തെ ഡോ.പി.കെ രാജന്‍ മെമ്മോറിയല്‍ ക്യാംപസിലെ ഹിന്ദി, മലയാളം ഭാഷാ വകുപ്പുകള്‍ പാലയാട് ക്യാംപസലേക്ക് മാറ്റിയ തീരുമാനം റദ്ദാക്കി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ കെ കെ സാജുവിനെ നേരില്‍ കണ്ടു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി മരവിപ്പിച്ചത്. പാലാത്തടം ക്യാമ്പസില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചതിനു ശേഷം മാത്രമേ നിലവിലുള്ള കോഴ്‌സുകള്‍ മാറ്റുകയുള്ളൂ എന്ന് വൈസ് ചാന്‍സിലര്‍ നിവേദക സംഘത്തിന് ഉറപ്പു നല്‍കി. ഞായറാഴ്ചയാണ് പാലാ തടം ക്യാമ്പസിലെ കോഴ്‌സുകള്‍ മാറ്റിക്കൊണ്ട് വൈസ് ചാന്‍സലര്‍ ഉത്തരവിട്ടത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഉള്‍പ്പെടെ 6 സ്ഥിര അധ്യാപക രാണ് നീലേശ്വരം ക്യാംപസിലെ മലയാളം, ഹിന്ദി വിഭാഗങ്ങളില്‍ ഉളളത്.
ഈ വകുപ്പുകള്‍ കൂടി പാലയാട്ടേക്ക് മാറ്റിയാല്‍ കാസര്‍കോട് ജില്ലയിലെ ക്യാംപസുകളില്‍ സ്വാശ്രയ കോഴ്‌സുകളും അവ പഠിപ്പിക്കാന്‍ താല്‍ക്കാലിക അധ്യാപകരും മാത്രമാകും അവശേഷിക്കുക.
സംഭവത്തില്‍ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ വിദ്യാര്‍ ഥി-യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇന്ന് ഉച്ചയോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലേക്ക് മാര്‍ച്ച് നടത്തുകയും ക്യാമ്പസ് ഡയറക്ടറെ ഉപരോധിക്കുകയും ചെയ്തിരുന്നു. നഗരസഭ ചെയര്‍മാനോടൊപ്പം വൈസ് ചെയര്‍മാന്‍ പി എം സന്ധ്യ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. എ അശോക്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സതീശന്‍ ,നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ ഷജീര്‍ എന്നിവരും ഉണ്ടായിരുന്നു.
No comments