വോട്ടുത്സവത്തിന് നിറക്കൂട്ടൊരുക്കി ‘വോട്ടായനം’; ക്യാൻവാസിൽ വിരിഞ്ഞ് ജനാധിപത്യ സന്ദേശം
കാസർകോട് : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം ഒരുക്കുന്ന പ്രചാരണ പരിപാടികൾക്ക് വർണ്ണാഭമായ തുടക്കം. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല പ്രചാരണ പരിപാടിയായ “വോട്ടായനം 2026” ന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനയും മെഹന്തി ഫെസ്റ്റും ശ്രദ്ധേയമായി.
കളക്ടറേറ്റ് കോംപൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ വിരിഞ്ഞ ചിത്രങ്ങൾ വോട്ടർമാരിലേക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ചിത്രരചന ഉദ്ഘാടനം ചെയ്തു.
യുവജനങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ടാണ് വോട്ടായനം സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് കോംപൗണ്ടിലെ ക്യാൻവാസിൽ 10 പ്രശസ്ത ചിത്രകാരന്മാർ ചേർന്ന് 8 വലിയ ചിത്രങ്ങളാണ് വരച്ചത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ക്യാൻവസിൽ പകർത്തിയത് .വിരലിലെ മഷിയടയാളം മുതൽ പോളിംഗ് ബൂത്തിലെ ക്യൂ വരെയുള്ള ദൃശ്യങ്ങൾ കലാകാരന്മാരുടെ കൈകളാൽ ക്യാൻവാസിൽ ജീവൻ തുടിച്ചു.
കാസർകോട് ഗവൺമെന്റ് കോളേജിൽ നടന്ന മെഹന്തി ഫെസ്റ്റ് വിദ്യാർത്ഥികളുടെയും ഓക്സിലറി അംഗങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മെഹന്തി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
സ്വീപ് നോഡൽ ഓഫിസർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു. ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ഗോപകുമാർ, ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ സംബന്ധിച്ചു.
യുവ വോട്ടർമാരെ ബൂത്തുകളിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ വേറിട്ട പരിപാടി.
ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും വൈവിധ്യമാർന്ന പ്രചാരണ പരിപാടികൾ ജില്ലയിലുടനീളം സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അവബോധം ജനങ്ങളിലെത്തിക്കാൻ പള്ളിക്കര ബീച്ചിൽ മണൽ ശില്പമൊരുക്കിയും വലിയ പറമ്പ് ബീച്ചിൽ പട്ടം പറത്തിയും കുണ്ടംകുഴിയിൽ മരത്തോൺ ഓട്ടവും വോട്ടായനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ നടക്കും.
No comments