പാചക വാതകം ലാഭിക്കാം ചൂടാറാപ്പെട്ടിയുണ്ട്
ചെറുവത്തൂർ : ഒരുവശത്ത് തെരഞ്ഞെടുപ്പ് ചൂട്. മറുവശത്ത് പശ്ചിമേഷ്യൻ സംഘർഷത്തിലൂടെ ഉടലെടുത്ത കടുത്ത പാചക വാതക ക്ഷാമം. അസഹനീയമായ മീനച്ചൂട് വേറെയും. ഇതിൽ ഏതാണ് ഏറ്റവും രൂക്ഷമെന്ന് ചോദിക്കുമ്പോൾ വീട്ടമ്മമാർക്കാകെ ഒറ്റ മറുപടി. പാചകവാതകക്ഷാമം തന്നെ. ഈ സാഹചര്യത്തിൽ കേരളത്തിലെ വിവേകമതികളായ വീട്ടമ്മമാർ ഇന്ധനം കുറച്ച് ഉപയോഗിച്ച് എങ്ങനെ കൂടുതൽ പാചകം ചെയ്യാമെന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗവേഷണ വിഭാഗമായ ഐആർടിസി രൂപകൽപ്പന ചെയ്ത ചൂടാറാപ്പെട്ടി എന്ന ബദൽ മാർഗങ്ങൾ തേടുകയാണ് മിക്കവരും. പുകയില്ലാത്ത അടുപ്പ് എന്ന പേരിൽ പരിഷത്ത് നടപ്പിലാക്കിയ അടുപ്പുകൾ മലയാളിക്ക് സുപരിചിതമാണ്. എന്നാൽ 40 വർഷത്തിലേറെയായി പരിഷത്ത് വിപണിയിലെത്തിക്കുന്ന ചൂടാറാപ്പെട്ടിയെപ്പറ്റി ഏറെപ്പേർക്കും അറിയില്ലായിരുന്നു. എൽപിജി ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ വലിയതോതിൽ ചൂടാറാപ്പെട്ടിയെപ്പറ്റി ചർച്ചചെയ്യുകയും ഇവ തേടി പ്പോവുകയും ചെയ്യുന്നു. വീട്ടമ്മമാർക്ക് ആശ്വാസത്തിന്റെ വക നൽകുന്ന പരിഷത്തിന്റെ ചൂടാറാപ്പെട്ടി ആവശ്യപ്പെട്ട് നിരവധിയാളുകളാണ് പരിഷത്ത് ഭവനുകളിൽ എത്തുന്നത്. ചൂടാറാപ്പെട്ടി എവിടെ കിട്ടുമെന്ന് ആരാഞ്ഞ് ഫോൺ കോളുകളുമുണ്ട്. ഊർജ ലാഭം, പരിസ്ഥിതി സൗഹൃദം എന്നീ മുദ്രാവാക്യങ്ങളുയർത്തി നേരത്തെ വീട്ടകങ്ങളിൽ സ്ഥാനം പിടിച്ച ചൂടാറാപ്പെട്ടിക്കുവേണ്ടി പരിഷത്ത് ഭവനുകളിൽ വീട്ടമ്മമാർ എത്തിക്കൊണ്ടിരിക്കയാണ്. മലയാളിയുടെ പാചക ശീലം കണക്കിലെടുത്ത് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ രൂപ കൽപന ചെയ്തതാണ് ചൂടാറാപ്പെട്ടി. പ്രത്യേക തരത്തിലുളള പോളിസ്റ്ററീൻ കൊണ്ട് നിർമിച്ചതാണിത്. ഒരു കിലോ അരി പാചകം ചെയ്യുമ്പോൾ 80 ഗ്രാം പാചക വാതകം ലാഭിക്കാൻ കഴിയുന്നുവെന്നതാണ് ചൂടാറാപ്പെട്ടിയുടെ പ്രത്യേകത.
No comments