ഏക മകന്റെ വേർപാടിൽ മനം നൊന്ത് ജീവനൊടുക്കിയ വേണുഗോപാലനും ഭാര്യ സ്മിതയ്ക്കും നാടിന്റെ കണ്ണീർ കുതിർന്ന യാത്രാമൊഴി
കാസർകോട്: ഏക മകന്റെ വേർപാടിൽ മനം നൊന്ത് ജീവനൊടുക്കിയ വേണുഗോപാലനും ഭാര്യ സ്മിതയ്ക്കും നാടിന്റെ കണ്ണീർ കുതിർന്ന യാത്രാമൊഴി. കാസർകോട് ജനറൽ ആശുപത്രിയിൽ ശനിയാഴ്ച രാവിലെ നടന്ന പോസ്റ്റുമോർട്ടത്തിനു ശേഷം പൊയ്നാച്ചി, പറമ്പ്, കൈരളി നഗറിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ ഒരു നോക്കു കാണാൻ നൂറുകണക്കിനു പേരാണ് എത്തിയത്.
വേണു ഗോപാലന്റെയും ഭാര്യയുടെയും അന്ത്യാഭിലാഷപ്രകാരം ഏക മകൻ ശിവനന്ദിനെ സംസ്ക്കരിച്ച മണ്ണിനരികിലാണ് ഇരുവർക്കും ചിതയൊരുക്കിയത്.
വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും ഇരുനില വീടിന്റെ സെൻട്രൽ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്. ഡിസംബർ 29 ന് ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ റാപ്പർ വേടന്റെ ഗാനമേള കേൾക്കാനായി സുഹൃത്തുക്കൾക്കൊപ്പം പോയ സമയത്താണ് ഇവരുടെ ഏക മകനായ ശിവനന്ദൻ ട്രെയിൻ തട്ടി മരിച്ചത്. ആ സംഭവത്തിനു ശേഷം മാനസികമായി തകർന്ന വേണുഗോപാലനും ഭാര്യ സ്മിതയും പുറംലോകവുമായി ബന്ധപ്പെട്ടിരുന്നില്ല. ഇരുവർക്കും താങ്ങായി ബന്ധുക്കൾ മാറിമാറി കൂടെ താമസിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ.
ഇരുവരും വെവ്വേറെ കത്തെഴുതി വച്ച ശേഷമാണ് ജീവനൊടുക്കിയത്. 'മകൻ ഇല്ലാതെ തങ്ങൾക്ക് ജീവിക്കാൻ കഴിയില്ല. മകനെ അടക്കം ചെയ്തതിനു സമീപത്തു തന്നെ തങ്ങളെയും അടക്കം ചെയ്യണമെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. അതു പ്രകാരമാണ് ഇരുവർക്കും ചിതയൊരുക്കിയത്.
No comments